വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ

തിരൂരങ്ങാടി: ദേശീയപാത വെന്നിയൂരിൽ റോഡരികിൽ വഴിയാത്രക്കാരൻ മരിച്ച സംഭവത്തിൽ കെ എസ് ആർ ടി സി ഡ്രൈവർ അറസ്റ്റിൽ. തിരുവനന്തപുരം – കണ്ണൂർ റൂട്ടിലോടുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ഡ്രൈവർ തലശ്ശേരി കുറ്റിയാട്ടൂർ വടുവൻകുളം എം.വി. ഷാജി (36) യെയാണ് പോലീസ് അറസ്റ്റുചെയ്തത്.

ചൊവ്വാഴ്ച പുലർച്ചെ ദേശീയപാതയിലെ വെന്നിയൂരിലാണ് റോഡരികിൽ മരിച്ചനിലയിൽ തമിഴ്‌നാട് സ്വദേശിയെ കണ്ടെത്തിയത്. സേലം സ്വദേശിയും വെന്നിയൂരിൽ താമസക്കാരനുമായ നടരാജനാണ് (60) മരിച്ചത്. പരിക്കുകളുടെ സ്വഭാവം പരിശോധിച്ച പോലീസ് വാഹനം ഇടിച്ചുള്ള അപകടമാണെന്ന് ഏറെക്കുറെ ഉറപ്പിച്ചിരുന്നു. തുടർന്ന് സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിയെങ്കിലും വാഹനം ഏതെന്ന് വ്യക്തമായിരുന്നില്ല.

കോഴിക്കോടു ഭാഗത്തേക്ക് പോയ വലിയ വാഹനമാണ് ഇടിച്ചതെന്ന് മനസ്സിലാക്കിയ പോലീസ് സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഇൻഡിക്കേറ്ററിന്റെ ചില്ലുകളും വാഹനത്തിന്റെ പെയിന്റിന്റെ കളറും ശേഖരിച്ച് അന്വേഷണം തുടർന്നു.
അപകടംനടന്ന ദിവസം പുലർച്ചെയുള്ള കോഴിക്കോട് കെ.എസ്.ആർ.ടി.സി. ബസ്‌സ്റ്റാൻഡിലെ സി.സി.ടി.വി. ദൃശ്യം പരിശോധിച്ച പോലീസ് ഇൻഡിക്കേറ്റർ തകർന്ന ബസ് കണ്ടെത്തി. ബസിനുണ്ടായ നാശനഷ്ടം കെ.എസ്.ആർ.ടി.സി. രജിസ്റ്ററിൽ രേഖപ്പെടുത്തിയതും കണ്ടെത്തി. പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ശബ്ദം കേട്ടതിനെതുടർന്ന് വണ്ടി നിർത്തി ഇറങ്ങി

പരിശോധിച്ചിരുന്നു എന്നും എന്നാൽ മഴയുള്ള സമയമായതിനാൽ ഒന്നും കാണാത്തതിനാൽ പോകുകയായിരുന്നു എന്നുമാണ് ഡ്രൈവർ മൊഴി നൽകിയത്.

ഡ്രൈവറെ കണ്ടെത്തി ചോദ്യംചെയ്തശേഷമാണ് തിങ്കളാഴ്ച അറസ്റ്റുചെയ്തത്. ബസ് കസ്റ്റഡിയിലെടുത്തു. എസ് ഐ എൻ.മുഹമ്മദ് റഫീഖ്, എ എസ് ഐ ജയപ്രകാശ്, സി സി പി ഒ അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ വെന്നിയുർ മുതൽ കോഴിക്കോട് വരെയുള്ള നിരവധി സി സി ടി വി കാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്.

error: Content is protected !!