പത്തനംതിട്ട: തൊണ്ടിമുതലായി കിട്ടിയ ഫോണിൽനിന്ന് സ്ത്രീകളുടെ നമ്പർ സംഘടിപ്പിച്ച് അവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്ത പോലീസുകാരന് സസ്പെൻഷൻ. പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷിനെയാണ് സസ്പെൻഡ് ചെയ്തത്.
അഭിലാഷിനെതിരെ നേരത്തെ എസ്പിക്ക് ഒരു യുവതി പരാതി നൽകിയിരുന്നു. തുടർന്നു നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവിയാണ് അഭിലാഷിനെതിരെ നടപടിയെടുത്തത്.
തൊണ്ടിയായി പിടിച്ചെടുത്ത ഫോണിൽനിന്ന് സ്ത്രീകളുടെ നമ്പർ എടുക്കുകയും സ്വന്തം ഫോണിൽ നിന്ന് അവരെ വിളിക്കുകയും ചെയ്യുന്നതാണ് അഭിലാഷിന്റെ രീതി. കഴിഞ്ഞ ദിവസം കൊല്ലം സ്വദേശിയായ ഒരാളെ തട്ടിപ്പുക്കേസിൽ പത്തനംതിട്ട പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനിടെ ഫോൺ കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ അഭിലാഷ് ദുരുപയോഗം ചെയ്യുകയായിരുന്നു.