പ്ലസ്‌വൺ അഡ്മിഷൻ ജൂലൈ 11 മുതൽ അപേക്ഷിക്കാം, അലോട്ട്മെന്റ് 27 ന്

ഇത്തവണ നീന്തലിന് ബോണസ് മാർക്കില്ല

തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്‍പെക്റ്റ്സ് പുറത്തിറക്കി. 2022 ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്. ജൂലൈ 18നാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 21ന് ട്രയൽ അലോട്ട്മെന്റ് നടക്കും. ജൂലൈ 27നാണ് ആദ്യ അലോട്ട്മെന്റ്. ആഗസ്ത് 11 ആണ് പ്രധാനഘട്ടത്തിലെ അവസാന അലോട്ട്മെന്റ്.

മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്‌മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി ആഗസ്ത് 17 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും. മുഖ്യ ഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്‌മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തി 2022 സെപ്തംബർ 30 ന് പ്രവേശന നടപടികൾ അവസാനിപ്പിക്കുമെന്നും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് അറിയിച്ചു.

ജൂലൈ 11 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുമുള്ള അവസാന തീയതി ജൂലൈ 18. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി. ഉപരിപഠനത്തിന് അർഹരായ എല്ലാപേർക്കും അവസരം ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.

ഓരോ വിദ്യാർഥിയുടേയും വെയിറ്റേജ് ഗ്രേഡ് പോയിന്റ് ആവറേജ് കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. ടൈ ബ്രേക്കിങിന് എൻടിഎസ്ഇ (നാഷനൽ ടാലന്റ് സെർച് പരീക്ഷ) മികവിനൊപ്പം ഈ വർഷം പുതിയതായി എൻഎംഎംഎസ്എസ്ഇ (നാഷനൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ), യുഎസ്എസ്, എൽഎസ്എസ് പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽനിന്നു മൂന്നായി വർധിപ്പിച്ചു. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കും. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30% മാർജിനൽ സീറ്റ് വർധനവ് ഉണ്ടാകും.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർധനവ്. ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10% കൂടി മാർജിനൽ സീറ്റ് വർധനവ് നൽകും. കൊല്ലം, എറണാകുളം, തൃശൂർ എന്നീ മൂന്നു ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും 20% മാർജിനൽ സീറ്റ് വർധനവുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർധനവ് ഇല്ല. കഴിഞ്ഞ അധ്യയന വർഷം താൽക്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉൾപ്പടെ ആകെ 81 താൽക്കാലിക ബാച്ചുകൾ ഈ വർഷം ഉണ്ടാകും.

അഡ്മിഷൻ സൈറ്റ് : www.admission.dge.kerala.gov.in

error: Content is protected !!