
കോഴിക്കോട്: ദേശീയ വിദ്യാഭ്യാസ നയം -2020 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) തയ്യാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂടുകളില്‍ അടങ്ങിയ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം ആവശ്യപ്പെട്ടു. പാഠ്യ പദ്ധതി ചട്ടക്കൂടുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രതിവാദിച്ച ലിംഗസമത്വ നിര്‍ദ്ദേശങ്ങള്‍ കേരളീയ സമൂഹം നാളിതുവരെ പുലര്‍ത്തിപ്പോന്ന പാരമ്പര്യ രീതികള്‍ക്കും വ്യക്തി സ്വാതന്ത്രത്തിനും എതിരാണ്. ഈ അടുത്തായി സംസ്ഥാനത്തെ ചില വിദ്യാലയങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക നേതൃത്വത്തില്‍ നടപ്പാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമും അതുമൂലം ഉണ്ടാക്കിയ വിവാദങ്ങളും പ്രത്യേകം പ്രസ്താവ്യമാണ്. ക്ലാസ് മുറികള്‍ ലിംഗഭേദം പരിഗണിക്കാതെ ലിംഗസമത്വത്തോടെ വിദ്യാര്‍ത്ഥികളെ ഇരുത്തണമെന്ന പരാമര്‍ശം ധാര്‍മ്മിക മൂല്യങ്ങള്‍ക്കും സംസ്‌കാരത്തിനും യോജിക്കാത്തതാണ്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കുന്നത് വിദ്യാഭ്യാസ സാമൂഹിക രംഗത്ത് പുരോഗതി ഉണ്ടാക്കുന്നതാണെന്ന മുന്‍ മാതൃകകളോ ശാസ്ത്രീയ പഠനങ്ങളോ മുന്നോട്ട് വെക്കാതെയാണ് വിദ്യാര്‍ത്ഥികളില്‍ ഇത് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്. ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ഉള്‍പ്പെടെയുള്ള ലിബറല്‍ കാഴ്ചപ്പാടുകള്‍ നടപ്പാക്കിയ രാജ്യങ്ങളില്‍ ഗുരുതരമായ മാനസിക സാമൂഹിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നതായി നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. പാഠ്യപദ്ധതി ചട്ടക്കൂടുകളില്‍ നിര്‍ദ്ദേശിച്ച സ്‌കൂള്‍ സമയ മാറ്റം, മത-ധാര്‍മ്മിക മൂല്യങ്ങളെ നിരാകരിക്കാന്‍ പ്രേരിപ്പിക്കുന്ന നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയ പരാമര്‍ശങ്ങളും ഒഴിവാക്കണം. കേരളത്തില്‍ ഭാഷാപഠനവും സ്‌കൂള്‍ പഠന സമയ ക്രമവും നിലവിലുള്ള രീതിയില്‍ തന്നെ തുടരണമെന്നും യോഗം ആവശ്യപ്പെട്ടു.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആശയാദര്‍ശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നിയമങ്ങളും ചട്ടങ്ങളും അംഗീകരിച്ചു. സ്ഥാപനങ്ങളുടെ കോ-ഓഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. അതാത് സ്ഥാപനത്തിന്റെ സര്‍ട്ടിഫിക്കറ്റിന് പുറമെ തെരഞ്ഞെടുക്കപ്പെടുന്ന കിതാബുകളില്‍ സമസ്ത നേരിട്ട് പരീക്ഷ നടത്തി വിജയികള്‍ക്ക് പ്രത്യേകം സര്‍ട്ടിഫിക്കറ്റ് നല്‍കും. മദ്‌റസ മാതൃകയില്‍ കേളേജുകള്‍ക്കും അംഗീകാര പത്രം നല്‍കും. സുപ്രഭാതം ഒമ്പതാം വാര്‍ഷിക ക്യാമ്പയിന്‍ വന്‍ വിജയമാക്കാന്‍ യോഗം അഭ്യര്‍ത്ഥിച്ചു.
പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ ആലിക്കുട്ടി മുസ്ല്യാര്‍ സ്വാഗതം പറഞ്ഞു, എം.ടി അബ്ദുള്ള മുസ്ല്യാര്‍, യു.എം അബ്ദുറഹിമാന്‍ മുസ്ല്യാര്‍, പി.പി ഉമ്മര്‍ മുസ്ലിയാര്‍ കൊയ്യോട്, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എം.കെ മൊയ്തീന്‍കുട്ടി മുസ്ല്യാര്‍, കെ.ടി ഹംസ മുസ്ല്യാര്‍, വി. മൂസക്കോയ മുസ്ല്യാര്‍, നെല്ലായ എം.പി കുഞ്ഞു മുഹമ്മദ് മുസ്ല്യാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, കെ ഹൈദര്‍ ഫൈസി പനങ്ങാങ്ങര, കെ ഉമര്‍ ഫൈസി മുക്കം. എ.വി അബ്ദുറഹിമാന്‍ മുസ്ല്യാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ആദൃശ്ശേരി ഹംസക്കുട്ടി മസ്ല്യാര്‍, എം.പി മുസ്തഫല്‍ ഫൈസി, ബംബ്രാണ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ഐ.ബി ഉസ്മാന്‍ ഫൈസി, എന്‍.കെ അബ്ദുല്‍ ഖാദിര്‍ മുസ്ല്യാര്‍, ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാര്‍, കെ.കെ.പി അബ്ദുള്ള മുസ്ല്യാര്‍, കാടേരി മുഹമ്മദ് മുസ്ല്യാര്‍, എം.എം അബ്ദുല്ല ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി ചര്‍ച്ചയില്‍ പങ്കെടുത്തു.