
കോട്ടയം : നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് രോഗിയുമായി പോയ 108 ആംബുലൻസ് അപകടത്തിൽപ്പെട്ട് നേഴ്‌സ് മരിച്ചു. 108 ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ഇടുക്കി നരകക്കാനം നടുവിലേടത്ത് വീട്ടിൽ ജിതിൻ ജോർജ് (41) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോട്ടയം ഏറ്റുമാനൂർ വെട്ടിമുകൾ ജംഗ്ഷനു സമീപം ആണ് സംഭവം. എതിർദിശയിൽ നിന്ന് വന്ന കാറിൽ ഇടിച്ച് നിയന്ത്രണംവിട്ട ആംബുലൻസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കുപ്പറ്റിയ ജിതിൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആംബുലൻസിൽ ഉണ്ടായിരുന്ന രോഗിയെയും കൂട്ടിരിപ്പുകാരെയും ആംബുലൻസ് ഡ്രൈവർ ജിജോ തോമസിനെയും ഉടൻ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.
2007ൽ കർണാടകയിൽ നിന്ന് ജനറൽ നേഴ്സിങ് പഠനം പൂർത്തിയാക്കിയ ജിതിൻ ജോർജ് കഴിഞ്ഞ 6 വർഷമായി 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഡൽഹി, മുബൈ എന്നിവിടങ്ങളിലും ഇടുക്കി രാജകുമാരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ഇതിനുമുമ്പ് ജിതിൻ നേഴ്സായി ജോലി നോക്കിയിട്ടുണ്ട്. ഭാര്യ അൻസ് എബ്രഹാം. മകൻ ജോവൻ ജിതിൻ. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും.