കെ.കെ.ശൈലജക്ക് പ്രഖ്യാപിച്ച മാഗ്‌സസെ അവാർഡ് വാങ്ങരുതെന്ന് സിപിഎം

മാഗ്‌സസെ പുരസ്‌കാരം നിരാകരിച്ച് മുന്‍ ആരോഗ്യ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. സിപിഐഎം കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് അവാര്‍ഡ് നിരാകരിക്കാനുള്ള തീരുമാനം. പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന് കെ കെ ശൈലജയോട് പാര്‍ട്ടി നിര്‍ദേശിച്ചു.

നിപ, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് കെ കെ ശൈലജയെ പുരസ്‌കാരത്തിന് പരിഗണിച്ചത്. നിപ, കൊവിഡ് പ്രതിരോധം കൂട്ടായ ഇടപെടലിന്റെ ഭാഗമാണെന്ന് ശൈലജ എംഎല്‍എ അവാര്‍ഡ് നല്‍കുന്ന ഫൗണ്ടേഷന് മറുപടി നല്‍കി.

ഫൗണ്ടേഷന് കോര്‍പറേറ്റ് ഫണ്ടിങ് ഉണ്ടെന്നാണ് സിപിഐഎം വിലയിരുത്തല്‍. വിയറ്റ്‌നാമില്‍ ഉള്‍പ്പെടെ കമ്മ്യൂണിസ്റ്റ് ഗറില്ലകളെ കൊന്നൊടുക്കിയ ആളാണെന്നും സിപിഐഎം നിലപാടെടുത്തു.

കൂട്ടായ തീരുമാനം: ശൈലജ ടീച്ചർ

മാഗ്‌സെസെ പുരസ്‌കാരം നിരാകരിച്ചതില്‍ പ്രതികരണവുമായി മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണെന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കാത്ത ഒരു എന്‍ജിഒയുടെ പുരസ്‌കാരം എന്ന നിലയിലാണ് നിരാകരിച്ചതെന്നും കെ കെ ശൈലജ പറഞ്ഞു.

‘രാഷ്ട്രീയ നേതാക്കള്‍ക്ക് ഇതുവരെ ആ ഫൗണ്ടേഷന്‍ അവാര്‍ഡ് കൊടുത്തിട്ടില്ല. നല്‍കുന്നത് വലിയ പുരസ്‌കാരം തന്നെയാണ്. പക്ഷേ ഒരു എന്‍ജിഒ എന്ന നിലയില്‍ അത്തരമൊരു പുരസ്‌കാരം കമ്മ്യൂണിസ്റ്റ്കാരിയെന്ന നിലയില്‍ സ്വീകരിക്കണോ എന്നതാണ് ചര്‍ച്ചയായത്.

മിക്കവാറും ഇത്തരം എന്‍ജിഒകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി സഹകരിക്കുന്നവയല്ല. ഇപ്പോഴെടുത്ത തീരുമാനം പാര്‍ട്ടി കൂട്ടായി എടുത്തതാണ്. അവാര്‍ഡ് കമ്മിറ്റിയോട് നന്ദി അറിയിക്കുകയും ഒരു വ്യക്തി എന്ന നിലയില്‍ മാത്രമായി അത് സ്വീകരിക്കുന്നില്ലെന്നും അറിയിച്ചിട്ടുണ്ട്’. കെ കെ ശൈലജ വ്യക്തമാക്കി.

error: Content is protected !!