തിരൂരങ്ങാടി: പ്രമുഖ ഓട്ടോമൊബൈൽ ഡീലർ ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷനില്ലാതെ (TCR) സ്പീഡോമീറ്റർ വിച്ഛേദിച്ച് സർവീസ് നടത്തിയ കാർ മോട്ടോർ വാഹന വകുപ്പ് വിഭാഗം പിടികൂടി ഒരു ലക്ഷം രൂപ പിഴ ചുമത്തി. തിരൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് വാഹനമോടിച്ചു കൊണ്ടുപോകുന്നതിനിടെ കോട്ടക്കലിൽ വെച്ചാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്.
ഡീലർ വാഹനം നിരത്തിൽ ഇറക്കുമ്പോൾ വേണ്ട രേഖകളും ഉണ്ടായിരുന്നില്ല.
പതിവ് വാഹന പരിശോധനയ്ക്കിടയിൽ ആണ് നിയമലംഘനം മോട്ടോർ വാഹന വകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടത്. ടി സിആർ അഥവാ ട്രേഡ് സർട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷൻ ഇല്ലാതെയാണ് വാഹനമോടിച്ചത് ഒറിജിനൽ ടി സി ആർ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഒരു ഷോറൂമിൽ നിന്ന് മറ്റൊരു ഷോറൂമിലേക്ക് മാറ്റുവാൻ പാടില്ല എന്നാണ് ചട്ടം. വിശദ പരിശോധനയിൽ വാഹനത്തിന്റെ സ്പീഡോമീറ്റർ വിച്ചേദിച്ചതായും കണ്ടെത്തി. വാഹനം തിരൂരിലെ ഷോ റൂമിൽ നിന്നും പെരിന്തൽമണ്ണയിലെ ഷോ റൂമിലേക്ക് കൊണ്ടുപോവുകയായിരുന്നു. സ്പീഡോമീറ്റർ പ്രവർത്തിക്കാതിരിക്കാൻ വേണ്ടി ക്ലസ്റ്റർ മീറ്ററിലെ ഫ്യൂസ് അഴിച്ചുമാറ്റിയ നിലയിലായിരുന്നു. ഇതുകാരണം വാഹനം എത്ര കിലോമീറ്റർ ഓടിയാലും സ്പീഡോമീറ്ററിൽ നിലവിലുള്ള കിലോമീറ്റർ കൂടുകയില്ല. ഇത്തരത്തിലുള്ള വാഹനങ്ങൾ ഡീലർ മാരുടെ വ്യക്തിഗത ആവശ്യങ്ങൾക്കും ടെസ്റ്റ് ഡ്രൈവ് കൾക്കും ഉപയോഗിച്ച് പുതിയ വാഹനം വാങ്ങിക്കുന്ന ഉപഭോക്താവ് അറിയാതെ പുതിയ വാഹനം ആയി വിൽക്കുകയാണ് പതിവ്.
മോട്ടോർ വാഹന വകുപ്പിലെ 182A വകുപ്പുപ്രകാരം ഒരു ലക്ഷം രൂപയാണ് പിഴ ചുമത്തിയത്. എൻഫോഴ്സ്മെന്റ് ആർടിഒ എസ് പ്രദീപിന്റെ നിർദ്ദേശപ്രകാരം എം വി ഐ സജി തോമസ് എ എം വി ഐ മാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ വാഹനപരിശോധനയ്ക്കിടെ യാണ് വാഹനം പിടികൂടിയത്.
ഫോട്ടോ: പിടികൂടിയ വാഹനം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു