
താലൂക്ക് ആശുപത്രിയില്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചായിരുന്നു പ്രവര്‍ത്തനം.
മലപ്പുറം : കോഡൂരിലെ വലിയാടില്‍ ഫാര്‍മസിസ്റ്റ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്വകാര്യ മെഡിക്കല്‍ ഷോപ്പുടമക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം കേസെടുത്തു. മലപ്പുറം ഗവ. താലൂക്ക് ഹെഡ് ക്വര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്ന രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ സര്‍ട്ടിഫിക്കറ്റ് പ്രദര്‍ശിപ്പിച്ചാണ് ഈ സ്ഥാപനം കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി പ്രവര്‍ത്തിച്ചിരുന്നത്. രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍നോട്ടത്തിലല്ലാതെയാണ് ഷെഡ്യൂള്‍ ഒ, ഒ1 അടക്കമുള്ള മരുന്ന് വില്‍പന നടത്തിയിരുന്നത്. രജിസ്റ്റേര്‍ഡ് ഫാര്‍മസിസ്റ്റിന്റെ മേല്‍ നോട്ടത്തിലല്ലാതെ ഇത്തരം മരുന്നുകള്‍ വില്‍ക്കുന്നത് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമ പ്രകാരം ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവും ഇരുപതിനായിരത്തില്‍ കുറയാത്ത പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്…
സ്ഥാപനത്തില്‍ നിന്നും കണ്ടെടുത്ത ബില്‍ ബുക്കുകളും മരുന്നുകളും മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം.വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. എം. സി.നിഷിത്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ടി. എം. അനസ്, ആര്‍. അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഗവ. ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫാര്‍മസിസ്റ്റുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ സ്വകാര്യ മെഡിക്കല്‍ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ജില്ലാ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അന്വേഷണം നടത്തി വരുന്നുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.