Monday, August 18

പരാതികളും രേഖകളും കഴുത്തിൽ സഞ്ചിയിലാക്കി തൂക്കി സാംസ്‌ക്കാരിക പ്രവർത്തകൻ പഞ്ചായത്ത് ഓഫീസിൽ ജീവനൊടുക്കി

കൊണ്ടോട്ടി : മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക സമിതി മുന്‍ സെക്രട്ടറിയും മാധ്യമ പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെയാണ് പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ വരാന്തയിലെ കുടുംബശ്രീയുടെ ടീ സ്റ്റാളിന് സമീപം മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി പുളിക്കല്‍ പഞ്ചായത്ത് ഭരണസമിതിയുമായി റസാഖ് കടുത്ത ഭിന്നതയിലായിരുന്നു. റസാഖിന്റെ സഹോദരന്റെ മരണത്തിന് കാരണം പഞ്ചായത്ത് അനുമതിയോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍നിന്നുള്ള വിഷമാലിന്യമാണെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തിന് എതിരെ നല്‍കിയ പരാതികള്‍ അടക്കമുള്ള ഫയലുകള്‍ കഴുത്തില്‍ തൂക്കിയ നിലയിലായിരുന്നു മൃതദേഹം.


റസാഖ് നേരത്തെ പുളിക്കല്‍ ഗ്രാമപഞ്ചായത്തിലേക്ക് സി പി എം സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. തന്റെ വീടും പുരയിടവും ഇ എം എസ് അക്കാദമിക്ക് ഇഷ്ടദാനം നല്‍കിയിരുന്നു. കൊണ്ടോട്ടിയില്‍നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വര പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്ന അദ്ദേഹം വര്‍ത്തമാനം ദിനപത്രത്തില്‍ കോ ഓഡിനേറ്റിംഗ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അന്തരിച്ച തിരക്കഥാകൃത്ത് ടി എ റസാഖിന്റെ ഭാര്യയുടെ സഹോദരനാണ്.

ഇന്ന് രാവിലെ അഞ്ചരക്ക് ഇദ്ദേഹത്തെ പുളിക്കല്‍ പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന ആലുങ്ങലില്‍ കണ്ടവരുണ്ട്. ഇടതുമുന്നണി ഭരിക്കുന്ന പഞ്ചായത്തുമായുള്ള ഏറ്റുമുട്ടലാണു മരണത്തിലേക്ക് നയിച്ചത് എന്നാണു സൂചന. സംഭവത്തിൽ ദുരൂഹത ആരോപിച്ച് യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. യുഡിഎഫിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. യുഡിഎഫ് അംഗങ്ങൾ പഞ്ചായത്ത് ഓഫീസിനുള്ളിൽ കുത്തിയിരിപ്പ് പ്രതിഷേധവും നടത്തി.

ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി

error: Content is protected !!