വണ്ടൂർ : മൈസൂരിലേക്ക് വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മാടശ്ശേരി പള്ളിയാളി നാസർ (45) മകൻ നഹാസ് (15) എന്നിവർ മരിച്ചു. നാസറിന്റെ മൂത്ത മകൻ നവാസ് (23) ഗുരുതര പരുക്കുകളോടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.
ഞായർ രാത്രി 10.30 ന് ഗുണ്ടൽപേട്ട് – മൈസൂരു പായിൽ നഞ്ചൻകോടിനു സമീപമാണ് അപകടം നടന്നത്. കുടുംബം സഞ്ചരിച്ച കാർ ഡിവൈ ഡറിൽ ഇടിച്ച് മറിഞ്ഞതായാണ് വിവരം. രാത്രി വൈകിയാണ് നാട്ടിൽ അറിഞ്ഞത്. ഉടൻ ബന്ധുക്കളും സുഹൃത്തുക്കളും സംഭവ സ്ഥലത്തേക്ക് തിരിച്ചു. കാറിൽ നാസറിന്റെ ഭാര്യ സജ്ന, മകൾ, രണ്ടു സഹോദരിമാർ, ഇവരുടെ മക്കൾ എന്നിവർ ഉണ്ടായിരുന്നു. ഇവരുടെ പരുക്ക് ഗുതരമല്ല. ഇവരെ രാവിലെ 10 ന് ആംബുലൻസിൽ നാട്ടിലേക്ക് വിട്ടു.
അപകടം അറിഞ്ഞയുടൻ എ.പി.അനിൽകുമാർ എം എൽഎ ബന്ധപ്പെട്ടതിനെ തുടർന്നു നഞ്ചൻകോട് എംഎൽഎ സംഭവസ്ഥലത്തും ആശുപത്രിയിലും പൊലീസ് സ്റ്റേഷനിലും എത്തി ബന്ധുക്കളെ സഹായിച്ചു. നഞ്ചൻകോട് കെഎംസിസി പ്രവർത്തകൻ നിയാസും സഹായത്തിനെത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രിയോടെ നാട്ടിലെത്തിക്കും.