
പിടിയിലായ പ്രതി പോലീസിന്റെ സഹായിയായി പ്രവർത്തിക്കുന്നയാൾ
തിരൂരങ്ങാടി : കേസ് ഒത്തുതീർപ്പാക്കാൻ പൊലീസിന് നൽകാനെന്ന് പറഞ്ഞു പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കക്കാട് സ്വദേശി കുഞ്ഞോട്ട് ഫൈസല്‍ എന്ന ഗുലാന്‍ (35) ആണ് അറസ്റ്റിലായത്.
പരപ്പനങ്ങാടി ഉള്ളണം സ്വദേശിയിൽ നിന്ന് 17000 രൂപ വാങ്ങിയ കേസിലാണ് അറസ്റ്റ്. ഒരു വർഷം മുമ്പ് , ഓട്ടോ റിക്ഷയുടെ മീറ്റർ സീൽ ചെയ്തതിന്റെ വ്യാജ രേഖ ഉണ്ടാക്കിയതിന് ലീഗൽ മെട്രോളജി പരാതി നൽകിയിരുന്നു. ഈ കേസ് ഒത്തു തീർപ്പാക്കാമെന്ന പറഞ്ഞാണ് ഇദ്ദേഹം ഉള്ളണം സ്വദേശിയിൽ നിന്നും പണം വാങ്ങിയത്. ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തായത്. തുടർന്ന് ഉള്ളണം സ്വദേശിയുടെ പരാതിയിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി റിമാൻഡ് ചെയ്തു.
പോലീസിന്റെ സഹായിയായി പ്രവർത്തിക്കുന്ന ആളാണ് ഇദ്ദേഹം. തിരൂരങ്ങാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെ സഹായിയായി പ്രവർത്തിക്കുന്ന ഇദ്ദേഹം ഇത് ഉപയോഗിച്ച് ഇത്തരത്തിൽ പല കേസുകളിലും ഇടപെടാറുള്ളതായി ആക്ഷേപമുണ്ട്.