അരീക്കോട് : നിക്കാഹ് കഴിഞ്ഞ് ഒരാഴ്ച മുമ്പ് നാട്ടിൽനിന്ന് മടങ്ങിയ മലയാളി സൈനികൻ കശ്മീരിലെ ലഡാക്കിൽ മരിച്ചു. ആർമി പോസ്റ്റൽ സർവീസിലെ ശിപായി അരീക്കോടിനടുത്ത കീഴുപറമ്പ് കുനിയിൽ സ്വദേശി പരേതനായ മുഹമ്മദ് കുഞ്ഞാന്റെ മകൻ കോലോത്തുംതൊടി നുഫൈൽ (27) ആണ് മരിച്ചത്. ശ്വാസതടസ്സമുണ്ടായതിനെ തുടർന്നാണ് മരണം.
ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് സൈനികവൃത്തങ്ങൾ അറിയിച്ചത്. മൃതദേഹം രണ്ടു ദിവസത്തിനുള്ളിൽ നാട്ടിലെത്തിക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വീട്ടിലും കൊടുവങ്ങാട്ടെ മിച്ചഭൂമി മൈതാനത്തും പൊതുദർശനത്തിന് വെച്ച ശേഷം കുനിയിൽ ഇരിപ്പാക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
കോയമ്പത്തൂരിലേക്കു സ്ഥലംമാറ്റം പ്രതീക്ഷിച്ചിരിക്കെയാണ് വിയോഗം. അസം, മേഘാലയ എന്നിവിടങ്ങൾ ഉൾപ്പെടെ എട്ടുവർഷമായി സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന നുഫൈൽ രണ്ടുവർഷമായി കശ്മീരിലാണ്. ഡിസംബർ അവസാനം നാട്ടിലെത്തിയിരുന്നു. ഈ മാസം രണ്ടിന് മുക്കം എരഞ്ഞിമാവിനടുത്ത കുളങ്ങര സ്വദേശിനി മിൻഹ ഫാത്തിമയുമായി നിക്കാഹ് കഴിഞ്ഞ് 22-നാണ് ലഡാക്കിലേക്ക് മടങ്ങിയത്. വ്യാഴാഴ്ച രാവിലെ 10.30ന് പ്രതിശ്രുത വധുവിനെ വിളിച്ചിരുന്നു. രാത്രി ഒൻപതരയോടെയാണു മരിച്ചതായി വിവരം ലഭിച്ചത്. നാട്ടിലുണ്ടാകുമ്പോൾ സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ രംഗത്തെല്ലാം നിറസാന്നിധ്യമായിരുന്നു. ഹയർസെക്കൻഡറി വരെ കീഴുപറമ്പ് ജി.വി.എച്ച്.എസ്.എസിലാണ് പഠിച്ചത്. പിതാവ് മുഹമ്മദ് കുഞ്ഞാൻ നേരത്തേ മരിച്ചു. ആമിനയാണ് മാതാവ്. ഫൗസിയ, ശിഹാബുദ്ദീൻ, മുഹമ്മദ് ഗഫൂർ, സലീന, ജസ്‌ന സഹോദരങ്ങളാണ്.