കോഴിക്കോട്: നര്‍മം ചാലിച്ച കോഴിക്കോടന്‍ ശൈലിയിലൂടെ മലയാളക്കരയുടെ മനം കവര്‍ന്ന നടന്‍ മാമുക്കോയയുടെ സംസ്‌കാരം കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടന്നു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം നടന്നത്. മാമുക്കോയയുടെ ആഗ്രഹപ്രകാരമാണ് കണ്ണംപറമ്പ് ഖബര്‍ സ്ഥാനില്‍ ഖബറടക്കിയത്.
വീട്ടില്‍ ഒന്‍പതര വരെ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോകുന്നത് വരേയും മാമുക്കോയയെ അവസാനമായി ഒരു നോക്ക് കാണാനുള്ള ഒഴുക്കായിരുന്നു വീട്ടിലേക്ക്. രാത്രി വൈകിയും നിരവധി ആളുകള്‍ പ്രിയതാരത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. അരക്കിണര്‍ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്‌കാരത്തിന് ശേഷം കണ്ണംപറമ്പിലേക്ക് കൊണ്ടുപോയി. ഇവിടേയും മയ്യിത്ത് നിസ്‌ക്കാരമുണ്ടായിരുന്നു. മാമുക്കോയയുടെ മകനായിരുന്നു മയ്യിത്ത് നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കിയത്.
മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാമുക്കോയയെ, ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച മലപ്പുറത്തെ വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്ക് 1.05 നായിരുന്നു അന്ത്യം. ഹൃദയാഘാതത്തിന് പുറമേ തലച്ചോറില്‍ രക്തസ്രാവവും ഉണ്ടായതോടെയാണ് ആരോഗ്യനില വഷളായത്.