ഒഴൂരിൽ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു

താനൂർ : ജില്ലയിലെ വിവിധ ജ്വല്ലറികളിലേക്ക് മൊത്തമായി സ്വർണം വിതരണം ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ ആക്രമിച്ച് 1.75 കോടി രൂപയുടെ സ്വർണം കവർന്നു.

കഴിഞ്ഞ ദിവസം വൈകിട്ട് ഒഴൂരിനു സമീപം ചുരങ്ങരയിൽ ബൈക്കിൽ വരുന്നതിനിടെയാണ് കവർച്ച. മഞ്ചേരിയിൽ സ്വർണം നൽകി കോട്ടയ്ക്കലേക്ക് വരുമ്പോൾ വെന്നിയൂർ പറമ്പിൽ എത്തണമെന്ന് അജ്ഞാത ഫോൺ സന്ദേശം ലഭിക്കുകയായിരുന്നു. താനൂരിൽ ഒരു പുതിയ ജ്വല്ലറി തുടങ്ങാൻ സ്വർണാഭരണം ആവശ്യമുണ്ടെന് അറിയിച്ചായിരുന്നു ഇത്. അവിടെ എത്തിയപ്പോൾ ഒഴൂരിലേക്ക് വരാൻ സന്ദേശം നൽകി. വിജനമായ അവിടെവച്ച് മർദിച്ച് കാറിൽ ബലമായി കയറ്റി ഷർട്ടിനടിയിൽ ഒളിപ്പിച്ചിരുന്ന സ്വർണം കവരുകയായിരുന്നു. മൊബൈൽ ഫോണും താക്കോലുകളും കവർന്നിട്ടുണ്ട്.

കോഴിക്കോട് കേന്ദ്രമായുള്ള മഹാരാഷ്ട്രക്കാരുടെ ആഭരണ നിർമാണശാലയിലെ സ്വർണമാണിതെന്നാണ് പ്രാഥമിക നിഗമനം. അവിടത്തുകാരനായ പ്രവീൺ സിങ്ങിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. മഹേന്ദ്ര സിങ് റാവു വിനെയാണ് ആക്രമിച്ചത്.

2 കിലോഗ്രാം സ്വർണവും 43 ഗ്രാം തങ്കവുമാണ് നഷ്ടപ്പെട്ടത്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അഞ്ചംഗ സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നാണു സൂചന. പ്രതികളെക്കുറിച്ച് പ്രാഥമിക വിവരം ലഭിച്ചിട്ടുണ്ട്. ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

error: Content is protected !!