തിരൂരങ്ങാടി : ഇന്നലെ അന്തരിച്ച ചെമ്മാട്ടെ എ വി അബ്ദുറഹീം കോയ എന്ന അബ്ദു ഹാജി ഒരുകാലത്ത് സൗദിയിലെത്തുന്ന മലയാളികളുടെ അത്താണി ആയിരുന്നു. ജോലി തേടി വരുന്നവരും ഹജിനായി വരുന്നവരും അബ്ദു ഹാജിയുടെ സേവനം അനുഭവിച്ചറിഞ്ഞ നാളുകളായിരുന്നു. അക്കാലത്ത് മെക്കാനിക്കൽ എൻജിനീയർ കോഴ്‌സ് പൂർത്തിയാക്കിയ ഹാജി ക്യാമ്പസിലും തിളങ്ങിയ വ്യക്തിത്വം ആയിരുന്നു. കലാ കായിക രംഗത്തും പ്രതിഭ തെളിയിച്ചിരുന്നു.
കേരള മുസ്ലിം നവോത്ഥാന നായകരിലൊരാളായിരുന്ന മൌലാനാ ചാലിലകത്ത് കുഞ്ഞഹമ്മദാജിയുടെ പൌത്രനായി തിരൂരങ്ങാടിയിൽ ജനിച്ചു. കോഴിക്കോട്ടെ ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന പിതാവ് എ.വി മുഹമ്മദ് കോയയുടെ നാടായ കോഴിക്കോട് എം.എം. ഹൈസ്‌കൂളിൽ പ്രൈമറി വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് പരപ്പനങ്ങാടി ബി.ഇ.എം. ഹൈസ്‌കൂളിലും, ഫാറൂഖ് കോളേജിലും പഠനം പൂർത്തിയാക്കിയ ശേഷം കൊല്ലം തങ്ങൾകുഞ്ഞു മെമ്മോറിയൽ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും 1963ൽ എഞ്ചിനീയറിംഗിൽ ബിരുദം നേടിയ അബ്‌ദുഹാജി കോഴിക്കോട് ഗവണ്മെന്റ്റ് പോളി ടെക്‌നിക്കിൽ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1965ൽ സഊദി അറേബ്യയിലേക്ക് പോയ അദ്ദേഹം അൽജുമൈ എന്ന ഒരു മൾട്ടി മില്ല്യൻ കമ്പനിയിൽ സെയിൽസ് എഞ്ചിനീയറായി ജോലിയിൽ പ്രവേശിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജറായാണ് 1990ൽ വിരമിച്ചത്.
1966 മുതൽ 1985 വരെ കേരളത്തിൽ നിന്നു വരുന്ന ഹാജിമാർക്ക് സേവനം ചെയ്തു. സൗദി അറേബ്യയിൽ മലയാളികൾക്ക് അത്താണിയായിരുന്നു ഹാജി. ഈ കാലയളവിൽ വിദേശമലയാളികളുടെ ക്ഷേമ പ്രവർത്തനങ്ങളിലും നാട്ടിലെ പല സാമൂഹ്യസേവന സംരംഭങ്ങളിലും ഹാജി സജീവ നേതൃത്വം കാഴ്ചവച്ചു. ഒട്ടേറെ സന്നദ്ധ സംഘടനകളുടെ സ്ഥാപകനും പ്രധാന ഭാരവാഹിയുമൊക്കെയാരുന്നു അബ്ദു ഹാജി.
ജോലി നിർത്തി നാട്ടിൽ വന്ന അദ്ദേഹം രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തന രംഗങ്ങളിൽ സജീവമായി പ്രവർത്തിച്ചു വന്നു. 1996ലും 2001ലും ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി കേരള അസംബ്ലിയിലേക്ക് മത്സരിച്ചു. 1997 മുതൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി പ്രവർത്തിച്ചു. 97ലും 98ലും മദ്രാസ്സിൽ ഹാജിമാർക്ക് അവരുടെ യാത്രയിൽ സേവനം നല്‌കുകയും പിന്നീട് അദ്ദേഹം ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാനാകുകയും ചെയ്തു. തുടർന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി.
1999-ലും 2000-ത്തിലും കേരളത്തിൽ നിന്നു ഹാജിമാർക്ക് നേരെ ജിദ്ദയിലേക്ക് വിമാന സർവ്വീസ് തുടങ്ങിയപ്പോൾ ആലുവയിൽ ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കാനും ഹാജിമാർക്ക് അതുവരെ കിട്ടാത്ത പല സൗകര്യങ്ങൾ ഒരുക്കാനും മുന്നിൽ നിന്ന ഹജ്ജ് സർവ്വീസ് സൊസൈറ്റിയുടെ ചെയർമാനും കൂടിയായിരുന്നു അബ്ദു ഹാജി. കേരള ഹജ്ജ് വെൽഫെയർ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് സ്ഥാനവും വഹിച്ചു.
2001ൽ കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൻ്റെ ജോലി പൂർത്തിയായതോടെ ഹാജിമാരുടെ യാത്ര കരിപ്പൂരിൽ നിന്നായപ്പോൾ ഹജ്ജ് ക്യാമ്പ് ഓർഗനൈസിംഗ് കമ്മിറ്റിയിൽ ഉപസമിതി ഭാരവാഹിയായി സേവനം ചെയ്തു.
സൗദിയിലെ ഇന്ത്യൻ തൊഴിലാളികളുടെ പ്രഥമ സംഘടനയായ അസോസിയേഷൻ ഫോർ ഇന്ത്യൻ ഇന്ത്യൻ വർക്കിങ്ങ് അബ്രോഡ് (ഐവ)ന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. ജിദ്ദയിലെയും രിയാദിലെയും ഇന്റർ നാഷണൽ ഇന്ത്യൻ സ്കൂളുകളുടെ സ്ഥാപകരിലൊരാളാണ്. ദീർഘകാലം കെ എൻ എം ചെമ്മാട് ശാഖാ പ്രസിഡന്റായിരുന്നു. ജില്ലാ ടൂറിസം പ്രമോട്ടിംഗ് കമ്മിറ്റിയംഗം, തിരൂരങ്ങാടി മുസ്ലിം ഓർഫനേജ് കമ്മിറ്റി പ്രവർത്തക സമിതി അംഗം, തിരൂരങ്ങാടി താലൂക്ക് ഗവണ്മെണ്ട് ആശുപത്രി മാനേജിംഗ് കമ്മിറ്റിയംഗം, എം.കെ. ഹാജി ഹോസ്‌പിറ്റൽ മാനേജിംഗ് കമ്മിറ്റിയംഗം, കേരള പ്രവാസി സംഘം സംസ്ഥാന ട്രഷറർ, വൈസ് ചെയർമാൻ, കാലിക്കറ്റ് യൂനിവേഴ്സിറ്റി സംരക്ഷണ സമിതി ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. 1996, 2001 എന്നീ നിയമസഭ തിരഞ്ഞെടുപ്പുകളിൽ തിരൂരങ്ങാടി മണ്ഡലത്തിൽ എൽ ഡി എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു.
വിദ്യാഭ്യാസ കാലത്ത് ടി കെ എം എഞ്ചിനീയറിങ്ങ് കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി, സ്പോർട്സ് ജനറൽ ക്യാപ്റ്റൻ, വോളിബോൾ ക്യാപ്റ്റൻ, എൻ സി സി റൈഫിൾസ് അണ്ടർ ഓഫീസർ തുടങ്ങിയ പദവികൾ വഹിച്ചു.
ഖുദ്ദാമുൽ ഇസ്ലാം സംഘം (ബോംബെ) സ്ഥാപക നേതാക്കളിൽ ഒരാളാണ് അദ്ദേഹത്തിന്റെ പിതാവ് എ.വി. മുഹമ്മദ് കോയ. ബോംബെ വഴി കപ്പൽ മാർഗ്ഗം ഹജ്ജിന്നു യാത്ര തിരിക്കുന്ന കാലത്ത് അവരെ ചൂഷണത്തിൽ നിന്നു രക്ഷിക്കാനും മറ്റു സേവനങ്ങൾക്കുമായി സ്ഥാപിച്ചതാണ് ഖുദ്ദാമുൽ ഇസ്ലാം സംഘം.
സെയ്ത് അബ്‌ദുറഹിമാൻ ബാഫഖി തങ്ങളുടെ അവസാനത്തെ ഹജ്ജിൽ കൂടെ താമസിച്ച് വേണ്ട സഹായങ്ങൾ ചെയ്തത് അദ്ദേഹമായിരുന്നു. അതുപോലെ, കൈറോവിൽ നിന്നും പഠനം പൂർത്തിയാക്കി ഹജ്ജിന്ന് ജിദ്ദയിലെത്തിയ മുഹമ്മദലി ശിഹാബ് തങ്ങളെ അബ്‌ദുഹാജിയും സ്നേഹിതന്മാരും കുടുംബവും ഹജ്ജിന്നു പോകുന്ന കൂട്ടത്തിൽ കൂടെ കൊണ്ടു പോയി വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയുണ്ടായി.
അബ്ദുഹാജി ഹജ്ജ് കമ്മിറ്റി വൈസ് ചെയർമാൻ ആയിരുന്ന കാലത്താണ് ഹജ്ജ് കമ്മിറ്റി കൂടുതൽ ജനകീയമായി മാറിയത്. കമ്മിറ്റിയെ കുറിച്ച് നിലവിലുണ്ടായിരുന്ന ആക്ഷേപങ്ങൾ പരിഹരിക്കാനും സേവനങ്ങൾ കുറ്റമറ്റതാക്കാനും സാധാരണക്കാരെ ഇതുമായി അടുപ്പിക്കാനും അദ്ദേഹം കൂടുതൽ ശ്രദ്ധ പുലർത്തി. കേരളത്തിനു അനുവദിച്ചിരുന്ന ക്വാട്ട പൂർത്തിയാവാതെ വന്നിരുന്ന അവസ്ഥയിൽ നിന്ന് ഇതര സംസ്ഥാനങ്ങളുടെ ക്വാട്ട പോലും ഉപയോഗപ്പെടുത്തുന്ന അവസ്ഥയിലേക്ക് ഹജ്ജ് കമ്മിറ്റി മാറിയത് ഈ കാലത്താണ്.
മരണ വിവരം അറിഞ്ഞത് മുതൽ ചെമ്മാട്ടെ വീട്ടിലേക്കും മയ്യിത്ത് പൊതു ദർശനത്തിന് വെച്ച യതീം ഖാനയിലേക്കും നൂറുകണക്കിന് ആളുകളാണ് വന്നത്. മന്ത്രി വി അബ്ദുറഹിമാൻ, മുസ്ലിം ലീഗ് നേതാക്കളായ പി എം എ സലാം, കെ പി എ മജീദ് എം എൽ എ, സിപിഎം നേതാക്കളായ ഇ. ജയൻ, ജില്ല കമ്മറ്റി അംഗം വി പി സോമസുന്ദരൻ, തിരൂരങ്ങാടി ഏരിയ സെക്രട്ടറി തയ്യിൽ അലവി വള്ളിക്കുന്ന് ഏരിയ സെക്രട്ടറി ഇ നരേന്ദ്രദേവ്, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, സിപിഐ നേതാക്കളായ പ്രൊഫ. ഇ പി മുഹമ്മദലി, ഇരുമ്പൻ സൈതലവി, നിയാസ് പുലിക്കലകത്ത്, മുജാഹിദ് നേതാക്കളായ ടി പി അബ്ദുല്ലക്കോയ മദനി, സി പി ഉമർ സുല്ലമി, ഡോ. ഇ കെ അഹമ്മദ് കുട്ടി, തുടങ്ങിയവരും വിവിധ മത സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പ്രമുഖരും എത്തിയിരുന്നു.