നാട്ടിക : ദേശീയപാത 66 തൃശൂർ നാട്ടികയിൽ ചരക്ക് ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. മലപ്പുറം തിരൂർ ആലത്തിയൂർ തൃപങ്ങോട് സ്വദേശികളായ നടുവിലപ്പറമ്പിൽ റസാഖിന്റെ മകൻ മുഹമദ് റിയാൻ(18), മൂച്ചിക്കൽ ഷാജിയുടെ മകൻ സഫ്വാൻ (20) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ നാലു പേരെ തൃശ്ശൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആലത്തിയൂർ തൃപങ്ങോട് സ്വദേശികളായ മുതിയേരി ഷംസുദ്ദീന്റെ മകൻ ഷിയാൻ(18), മായിങ്കാനത്ത് ഷാഹിറിന്റെ മകൻ അനസ്(19), മുളന്തല അയൂബിന്റെ മകൻ മുഹമദ് ബിലാൽ(19), പൈനിമ്മൽ പരേതനായ സിദ്ധിഖിന്റെ മകൻ ജുനൈദ്(20) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. കൊടൈക്കനാലിൽ വിനോദയാത്ര പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം. കാറിൽ ആറ് യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. നാട്ടിക സെന്ററിന് തെക്ക് ഭാഗത്ത് വെച്ചായിരുന്നു അപകടം.
കൊടുങ്ങല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ചരക്ക് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അഗ്നി ശമന സേന അംഗങ്ങൾ കാർ വെട്ടിപ്പൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ച മുഹമ്മദ്ദ് റിയാന്റെ മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, സഫ്വാന്റെ മൃതദേഹം തൃശ്ശൂർ മദർ ആശുപത്രിയിലുമാണുള്ളത്. വലപ്പാട് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ആഴ്ചകൾക്ക് മുൻപാണ് മേഖലയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് 11കാരി ഉൾപ്പടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച അപകടമുണ്ടായത്.