ഫെയ്‌സ്ബുക്കിലൂടെ പരിചയം, ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം, വീട്ടമ്മക്ക് നഷ്ടമായത് 81 ലക്ഷം ; നൈജീരിയക്കാരന്‍ പിടിയില്‍

കോട്ടയം: ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി പിടിയില്‍. ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും പണം തട്ടിയ നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.

2021-ലാണ് കേസിനാസ്പദമായ സംഭവം. ഫെയ്‌സ്ബുക്കിലൂടെ അന്ന മോര്‍ഗന്‍ എന്ന യു.കെ സ്വദേശിനിയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മിച്ചായിരുന്നു ചെങ്ങനാശേരി സ്വദേശിനിയുമായി പരിചയപ്പെട്ടത്. തുടര്‍ന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയെന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തില്‍ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വീട്ടമ്മയെ വിശ്വസിപ്പിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് തട്ടിപ്പ് നടന്നത്. മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് എന്ന പേരില്‍ യു.കെയില്‍ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തില്‍ 22000 രൂപ അടക്കണമെന്നും പറഞ്ഞ് വീട്ടമ്മയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നല്‍കി. ഇതോടെ വീട്ടമ്മ ഇയാള്‍ ആവശ്യപ്പെട്ട പണം നല്‍കി.

ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോള്‍ വരികയും ഇയാള്‍ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കൈമാറുകയും ചെയ്തു. എന്നാല്‍ ഇത് തുടര്‍ന്നപ്പോള്‍ വീട്ടമ്മ പണം നല്‍കാതായി. ഇതോടെ സമ്മാനങ്ങള്‍ വിദേശത്തു നിന്ന് വന്നതാണെന്നും കൈപ്പറ്റിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞ് വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളില്‍ നിന്നും, സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയും, കൈയില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം വിറ്റും ഇവര്‍ വീണ്ടും പണം അയച്ചു നല്‍കുകയായിരുന്നു.

തട്ടിപ്പു മനസ്സിലായ യുവതി 2022-ലാണ് കേസ് നല്‍കുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡല്‍ഹിയില്‍ നിന്നുമാണെന്ന് മനസ്സിലാകുന്നത്. തുടര്‍ന്നാണ് നൈജീരിയന്‍ സ്വദേശിയായ ഇസിചിക്കുവിനെ കോട്ടയം സൈബര്‍ പോലീസ് സംഘം ഡല്‍ഹിയില്‍ നിന്നും പിടികൂടിയത്.

error: Content is protected !!