
അന്തമാൻ :സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ അന്തമാനിൽ പ്രവർത്തിക്കുന്ന മദ്രസ്സകളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ കർമ്മ പദ്ധതികൾക്ക് രൂപം നൽകി. സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് നിർവ്വാഹക സമിതി യോഗ തീരുമാന പ്രകാരം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ. എ. എം. അബ്ദുൽ ഖാദർ, മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, മുഫത്തിശ് നാലകത്ത് അബ്ദുറസാക് ഫൈസി എന്നിവർ അന്തമാനിൽ നടത്തിയ പര്യടനത്തെ തുടർന്നാണ് കോവിഡാനന്തര മദ്റസ പ്രവർത്തനത്തിന് പ്രത്യേക പരിപാടികൾ ആവിഷ്കരിച്ചത്. സമസ്തയുടെ അംഗീകാരത്തോടെ 23 മദ്രസ്സകളാണ് അന്തമാനിൽ പ്രവർത്തിക്കുന്നത്.
പ്രീ പ്രൈമറി മുതൽ പ്ലസ് ടു ക്ലാസ്സ് വരെ പഠനം ഉറപ്പാക്കൽ, ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഗുണമേന്മാ പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം ലഭ്യമാക്കൽ, തുടങ്ങിയവ ലക്ഷ്യമാക്കി വിവിധ മദ്റസകളിലെ മാനേജ്മെന്റ് പ്രതിനിധികൾ, മുഅല്ലിംകൾ, രക്ഷിതാക്കൾ എന്നിവരുടെ സംയുക്ത യോഗത്തിൽ വെച്ചാണ് പരിപാടികൾ ആവിഷ്കരിച്ചത്.
വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി ഡോ. എൻ.എ.എം. അബ്ദുല്‍ഖാദിർ ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. മുഫത്തിശ് നാലകത്ത് അബ്ദുറസാക് ഫൈസി വിഷയാവതരണം നടത്തി. സമസ്ത അന്തമാൻ ജില്ലാ പ്രസിഡന്റ് എം. സുലൈമാൻ ഫൈസി, റെയ്ഞ്ച് ജം ഇയ്യത്തുൽ മുഅല്ലിമീൻ സെക്രട്ടറി കെ. അബ്ദുസ്സലാം ഫൈസി, അന്തമാൻ സുന്നി ജമാഅത്ത് കൗൺസിൽ പ്രസിഡന്റ് വി. എം. സൈനുദ്ധീൻ സേട്ട്, സെക്രട്ടറി ഒ. ബഷീർ,ജം ഇയ്യത്തുൽ ഉലമ സെക്രട്ടറി സൈനുദ്ധീൻ ഫൈസി, സയ്യിദ് ഉമറലി തങ്ങൾ ഹുദവി, അബ്ദുൽ ഖാദർ നിസാമി, അബ്ദുൽ ഖാദർ ബാഖവി, കെ. എം. ഹനീഫ, ഖാലിദ് ബാവു, അബ്ദുസ്സലീം ലത്തീഫി, ശരീഫ് ഫൈസി ബാമ്പു ഫ്ലാറ്റ്, നിസാർ ദാരിമി, അബ്ദുസ്സമദ് ഹുദവി, ഹുസൈൻ ഹാജി വിമ്പർലി ഗഞ്ച്, ഇസ്മായിൽ മുസ്ലിയാർ സി. എച്ച്, അബ്ദുസ്സമദ് ഫൈസി, കെ. മുഹമ്മദ് റഫീഖ്, കെ. യൂസുഫ് ഖാസിമി, റഫീഖ് ഖാസിമി പ്രസംഗിച്ചു. ഓഗ്രാബെഞ്ച്, ദിലാനിപൂർ, കാലിക്കറ്റ്, വിമ്പർലി ഗഞ്ച്, മണ്ണാർക്കാട് എന്നിവിടങ്ങളിൽ നടന്ന അധ്യാപക രക്ഷാകർതൃ സംഗമങ്ങളും റൗളത്തുൽ ഉലൂം അറബിക് കോളേജിൽ നടന്ന സമസ്ത റെയ്ഞ്ച് സമ്മേളനവും ശ്രദ്ധേയമായി.