പൊന്നാനി : വര്‍ഷങ്ങളായി കിട്ടാകനിയെന്ന് കരുതി കൊതിച്ചിരുന്ന പട്ടയം ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു പൊന്നാനി അഴീക്കല്‍ സ്വദേശി മൂസക്കാനകത്ത് ആമി. 11 കൊല്ലം മുമ്പാണ് പട്ടയത്തി അപേക്ഷ കൊടുത്തത്. പട്ടയത്തിനായി ഓഫീസുകള്‍ കയറിയിറങ്ങിയ നാളുകളിലെ ഓര്‍മകള്‍ പങ്കുവെച്ചപ്പോള്‍ ആമിയുടെ തൊണ്ടയിടറി. എന്നാല്‍ ആ ദുരിതകാലത്തിന് അറുതിയായതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെക്കാനും ആമി മറന്നില്ല. ‘കരുതലും കൈത്താങ്ങും’ പൊന്നാനി താലൂക്ക്തല അദാലത്തില്‍ 89 കാരിയായ ആമിയുടെ പരാതിയില്‍ മന്ത്രി ഇടപെട്ടു. വസ്തുത പരിശോധിച്ച് പട്ടയം അനുവദിക്കാന്‍ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ പട്ടയത്തിനായുളള ആമിയുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമായി.