
മലപ്പുറം: ഐഎൻഎല്ലിൻ്റെ യുവജന സംഘടനയായ നാഷണൽ യൂത്ത് ലീഗ് (എൻവൈഎൽ) സംസ്ഥാന പ്രസിഡന്റ് ആയിരുന്ന അഡ്വ. ഷമീർ പയ്യനങ്ങാടി സിപിഎമ്മിൽ ചേർന്നു. സിപി എം ജില്ലാ കമ്മിറ്റി ഓഫീസിൽവച്ച് ജില്ലാ സെക്രട്ടറി വി പി അനിൽ ഷാളണിയിച്ച് സ്വീകരിച്ചു. ഐഎൻഎൽ സംസ്ഥാന കമ്മിറ്റിയംകൂടിയാണ്. ഐ എൻ എൽ പിളർപ്പിൽ അഹമ്മദ് ദേവർ കോവിൽ, ഖാസിം ഇരിക്കൂർ വിഭാഗത്തിനൊപ്പമായിരുന്ന ഷമീർ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ആയിരുന്നു. ഈയിടെ അഹമ്മദ് ദേവർകോവിൽ ഉൾപ്പെടെയുള്ള ഐ എൻ എൽ നേതാക്കൾക്കെതിരെ കോടികളുടെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഐ എൻ എൽ സംസ്ഥാന കമ്മിറ്റിയിൽ കണക്ക് ചോദിച്ചതിന് ചില നേതാക്കൾ കയ്യേറ്റം ചെയ്തതായി ഇദ്ദേഹം പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. തുടർന്ന് ഐ എൻ എല്ലിൽ നിന്ന് രാജി വെക്കുകയായിരുന്നു. പിഡിപി യുടെ വിദ്യാർഥി വിഭാഗമായ ഐ എസ് എഫ് സംസ്ഥാന പ്രസിഡന്റ് ആയാണ് പൊതുരംഗത്ത് അറിയപ്പെട്ടത്. മികച്ച വാഗ്മി കൂടി ആയിരുന്നു. പിഡിപി യോട് പിണങ്ങി ഇടക്കാലത്ത് മുസ്ലിം ലീഗിൽ ചേർന്നെങ്കിലും പി ഡി പി യിലേക്ക് തന്നെ തിരിച്ചു പോയി. അതിന് ശേഷമാണ് ഐ എൻ എല്ലിൽ ചേരുന്നതും യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് ആകുന്നതും. ഇപ്പോൾ ഐ എൻ എല്ലിൽ നിന്നും പടിയിറങ്ങി സി പി എമ്മിൽ എത്തിയിരിക്കുകയാണ്.
എംഎസ്എഫ് തിരൂർ മണ്ഡലം പ്രസിഡൻ്റ്, സംസ്ഥാന സമിതിയംഗം എന്നീ നിലകളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.
2016ലാണ് ഐഎൻഎല്ലിൽ ചേർന്നത്. തിരൂർ ബാറിലെ അഭിഭാഷകനായ ഷമീർ മികച്ച വാ ഗ്മിയുമാണ്. സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും അഭിസംബോധന ചെയ്യുന്ന സിപിഐ എം മതനിരപേക്ഷതയുടെ സമ്പൂർണ വേദിയാണെന്ന് ഷമീർ പയ്യനങ്ങാടി പറഞ്ഞു. സ്വീകരണ ചടങ്ങിൽ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. പി. ഹംസക്കുട്ടി പങ്കെടുത്തു.