സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള ‘ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021’ പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. rajyasabha. nic.in എന്ന വെബ് സൈറ്റില്‍ ‘കമ്മിറ്റീസ്’ എന്ന ലിങ്കില്‍ കയറി ബില്ലിനെതിരെ പൊതു ജനങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തണമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇത് സംബന്ധമായി 28-ന് വെള്ളിയാഴ്ച ഖത്തീബുമാര്‍ പള്ളികളില്‍ ഉല്‍ബോധനം നടത്തണമെന്നും പൊതു ജനാഭിപ്രായം രേഖപ്പെടുത്തുന്നതിന് സംഘടന പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ സ്ഥാപിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു