അങ്കമാലി: “എന്റെ പ്രശസ്തി അല്ല ആവശ്യം, ആ കുഞ്ഞിന്റെ ജീവൻ രക്ഷപ്പെടണം” എന്നാണ് ആ അജ്ഞാതൻ പണം നൽകിയപ്പോൾ ആഗ്രഹം പ്രകടിപ്പിച്ചത്. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) എന്ന അപൂർവ ജനിതകരോഗം സ്ഥിരീകരിച്ച ഒന്നര വയസ്സുകാന്റെ ചികിത്സക്ക് 11 കോടിയിലധികം രൂപ സഹായവുമായി അജ്ഞാതൻ. ചികിത്സക്ക് തുക സ്വരൂപിക്കാൻ ആരംഭിച്ച അക്കൗണ്ടിലേക്കാണ് 14 ലക്ഷം ഡോളർ (ഏകദേശം 11.6 കോടി ഇന്ത്യൻ രൂപ) പേര് വെളിപ്പെടുത്താത്ത സുമനസ്കന്റെ സംഭാവന. ഇതോടെ മുടങ്ങുമെന്ന് കരുതിയ നിർവാണിന്റെ ചികിത്സക്ക് പ്രതീക്ഷയായി.
നെടുമ്പാശ്ശേരി മേയ്ക്കാട് കാരയ്ക്കാട്ടുകുന്ന് ചിറക്ക് സമീപം താമസിക്കുന്ന കൂറ്റനാട് മലാലത്ത് വീട്ടിൽ സാരംഗ് മേനോന്റെയും (മർച്ചന്റ് നേവി, മുംബൈ), സോഫ്റ്റ്വെയർ എൻജിനീയർ അദിതി നായരുടെയും (മുംബൈ) മകൻ നിർവാണിനാണ് അപൂർവ രോഗം ബാധിച്ചത്. ഒരു വയസ്സായിട്ടും ഇരിക്കാനും എഴുന്നേൽക്കാനും കുട്ടി മടികാണിച്ചതോടെ മുംബൈ ഹിന്ദൂജ ആശുപത്രിയിൽ വിദഗ്ധ പരിശോധനക്ക് വിധേയമാക്കി.
ആദ്യ പരിശോധനകളിൽ ഞരമ്പിന് പ്രശ്നമുണ്ടെന്ന് മാത്രമാണ് കണ്ടെത്തിയത്. നട്ടെല്ലിന് 19 ഡിഗ്രി വളവും കണ്ടെത്തിയിരുന്നു. കുഞ്ഞിന്റെ വളർച്ചയിൽ പ്രശ്നങ്ങളുണ്ടെന്ന ലക്ഷണങ്ങൾ കണ്ടതോടെ കഴിഞ്ഞ ഡിസംബർ 19ന് വീണ്ടും പരിശോധന നടത്തി. അതോടെ ജനുവരി അഞ്ചിനാണ് കുഞ്ഞിന് എസ്.എം.എ ടൈപ് 2 ആണെന്ന് സ്ഥിരീകരിച്ചത്. കുഞ്ഞിന് എസ്.എം.എ സ്ഥിരീകരിച്ചതോടെ മാതാപിതാക്കൾ ജോലിയിൽനിന്ന് അവധിയെടുത്തു.
അമേരിക്കയിൽനിന്ന് 17.4 കോടി വിലയുള്ള മരുന്ന് എത്തിച്ച് രണ്ടു വയസ്സ് തികയുന്നതിന് മുമ്പ് നൽകിയാലേ പ്രയോജനമുള്ളൂവെന്നും ഡോക്ടർമാർ അറയിച്ചു. അതോടെയാണ് 17.5 കോടിയോളം ചെലവ് വരുന്ന ‘സോൾജൻ’ എന്ന ഒറ്റത്തവണ ജീൻ മാറ്റിവെക്കലിന് ഉപയോഗിക്കുന്ന മരുന്ന് വാങ്ങാൻ മാതാപിതാക്കൾ സുമനസ്സുകളുടെ സഹായം തേടിയത്.
ചൊവ്വാഴ്ച വരെ അക്കൗണ്ടിൽ 16.5 കോടിയിലധികം ലഭിച്ചിട്ടുണ്ട്. തന്നെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിടരുതെന്ന നിർദേശത്തോടെ തിങ്കളാഴ്ച രാവിലെ 10.30നാണ് അജ്ഞാതൻ അക്കൗണ്ടിൽ പണം നിക്ഷേപിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കൾക്കുപോലും അജ്ഞാതനെക്കുറിച്ച് അറിയില്ല. പ്രശസ്തിയുടെ ആവശ്യമില്ലെന്നും നിർവാന്റെ ജീവൻ രക്ഷപ്പെടണമെന്ന ആഗ്രഹം മാത്രമാണുള്ളതെന്നുമാണ് അജ്ഞാതൻ പറഞ്ഞതെന്നാണ് ‘ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമി’ൽ അറിയിച്ചിട്ടുള്ളത്.
അമേരിക്കയിൽനിന്നാണ് മരുന്ന് എത്തിക്കേണ്ടത്. അവശേഷിക്കുന്ന തുക കൂടി ലഭ്യമായാൽ ഉടൻ മരുന്നിന് അപേക്ഷിക്കും. അപേക്ഷിച്ച് 20 ദിവസംകൊണ്ടേ മരുന്ന് ലഭിക്കൂ. മരുന്ന് ലഭ്യമാകുന്ന മുറക്ക് കുഞ്ഞിനെ ചികിത്സക്കായി മുംബൈയിലേക്ക് കൊണ്ടുപോകും. വിദഗ്ധ ചികിത്സക്ക് മുന്നോടിയായുള്ള പരിശോധനകൾക്കായി കുഞ്ഞിനെ ചൊവ്വാഴ്ച സന്ധ്യയോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരിക്കുകയാണ്.