
തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്ന വിദ്യാർത്ഥികൾ സൂക്ഷിക്കുക. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിന്നാലെയുണ്ട്. കോട്ടക്കൽ കോളേജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥികൾ രൂപമാറ്റം വരുത്തി കറങ്ങിയ ജീപ്പാണ് തിരൂരങ്ങാടി മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ കോട്ടക്കലിൽ വച്ച് കസ്റ്റഡിയിലെടുത്തത്.
സ്കൂൾ-കോളേജ് പരിസരങ്ങളിലും, ബസ് സ്റ്റോപ്പുകളിലും ഉദ്യോഗസ്ഥർ മഫ്ത്തിലും അല്ലാതെയും നടത്തിയ പരിശോധനക്കിടെയാണ് വിദ്യാർത്ഥികൾ കെണിയിലായത്.
നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,
ടയറുകളിൽ രൂപമാറ്റം വരുത്തിയും,
കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ വെച്ചും വിവിധ തരത്തിലുള്ള ആൾട്ടറേഷനാണ് വരുത്തിയത്.വാഹനത്തിൻ്റെ ആർ സി ഉടമക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കി കാണിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
തിരൂരങ്ങാടി ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈറിൻ്റെ നിർദ്ദേശപ്രകാരം എ എം വി ഐമാരായ കെ സന്തോഷ് കുമാർ, കെ അശോക് കുമാർ, എൻ ബിജു എന്നിവരുടെ നേതൃത്വത്തിൽ കക്കാട്, കോട്ടക്കൽ, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖല കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പെർമിറ്റില്ലാതെയും, ഫിറ്റ്നസ് ഇല്ലാതെയും, ഇൻഷുറൻസ് ഇല്ലാതെയും സ്കൂൾ വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങൾക്കെതിരെയും നടപടി എടുത്തു. ഈ വാഹനത്തിലെ വിദ്യാർത്ഥികളെ മറ്റൊരു വാഹനത്തിൽ ഉദ്യോഗസ്ഥർ തന്നെ സുരക്ഷിതമായി വീട്ടിലെത്തിച്ചു. വരുംദിവസങ്ങളിൽ സ്കൂൾ കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ചും, ബസ് സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചും കർശനമായ പരിശോധന തുടരുമെന്ന് ജോയിൻ്റ് ആർടിഒ എം പി അബ്ദുൽ സുബൈർ പറഞ്ഞു.
