കരിപ്പൂർ : ഇന്നലെ രാവിലെയും രാത്രിയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം 1.8 കോടി രൂപ വില മതിക്കുന്ന മൂന്നു കിലോഗ്രാമോളം സ്വർണം മൂന്നു വ്യത്യസ്ത കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ ജിദ്ദയിൽനിന്നും എത്തിയ മൂന്നു യാത്രക്കാരിൽനിന്നുമായി പിടികൂടി. ഇന്നലെ രാത്രി എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ വന്ന മലപ്പുറം ചെമ്മനിയോട് സ്വദേശിയായ പാതിരാമണ്ണ അബ്ദുൽ അൻസറിൽ (25) നിന്നും 1168 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതം അടങ്ങിയ നാലു ക്യാപ്സൂളുകളും, ഇന്നലെ രാവിലെ സ്‌പൈസ് ജെറ്റ് എയർ ലൈൻസ് വിമാനത്തിൽ വന്ന മലപ്പുറം പാലക്കാവറ്റ സ്വദേശിയായ പൊട്ടങ്ങട് അഷറഫിൽ (35) നിന്നും 863 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സൂളുകളും, കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ വലിയപറമ്പിൽ റിയാസിൽ(45) നിന്നും സ്വർണ്ണമിശ്രിതമടങ്ങിയ 1157 ഗ്രാം തൂക്കം വരുന്ന നാലു ക്യാപ്സൂലുകളുമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ചപ്പോൾ കസ്റ്റoസ്‍ ഉദ്യോഗസ്ഥർ പിടികൂടിയത്. ഈ കേസുകളിൽ പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽനിന്നും സ്വർണം വേർതിരിച്ചെടുത്ത ശേഷം യാത്രക്കാരുടെ അറസ്റ്റും മറ്റു തുടർ നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തുസംഘം റിയാസിന് 1.1 ലക്ഷം രൂപയും അൻസാറിന് ഒരു ലക്ഷം രൂപയും അഷറഫിന് 90000 രൂപയുമാണ് വാഗ്ദാനം ചെയ്തിരുന്നതെന്നാണ് കസ്റ്റംസ് ഇദ്യോഗസ്ഥരോട് വ്യക്തമാക്കിയത്. അസിസ്റ്റന്റ് കമ്മിഷണർമാരായ കെ. എം. സൈഫുദ്ധീന്റെയും
സിനോയി കെ മാത്യുവിന്റെയും നേതൃത്വത്തിൽ സൂപ്രണ്ടുമാരായ എബ്രാഹം കോശി, അനൂപ് പൊന്നാരി, ടി.. എൻ. വിജയ, ഫിലിപ്പ് ജോസഫ്, വിമൽകുമാർ ഇൻസ്‌പെക്ടർമാരായ പോരുഷ് റോയൽ, ദുഷ്യന്ത് കുമാർ, ശിവകുമാർ, അക്ഷയ് സിങ്, ഹെഡ് ഹവൽദാർമാരായ എം. കെ.വത്സൻ, ലില്ലി തോമസ് എന്നിവർ ചേർന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്. കൂടാതെ കോഴിക്കോടെ കസ്റ്റംസ് ഉദ്യോഗസ്ഥർ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് ബഹ്‌റൈനിൽ നിന്നും ഇൻഡിഗോ എയർലൈൻസ് വിമാനത്തിൽ മുംബൈ വിമാനത്താവളത്തിലെത്തിയ കോഴിക്കോട് സ്വദേശികളായ രണ്ടു യാത്രക്കാരെ മുംബൈ എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ 1.1 കോടി രൂപ വിലമതിക്കുന്ന രണ്ടു കിലോഗ്രാമോളം സ്വർണ്ണമിശ്രിതവുമായി പിടികൂടി. വടകര സ്വദേശിയായ മുയ്യാർകണ്ടി അബ്ദുള്ള (33)യിൽ നിന്നും കൊയിലാണ്ടി സ്വദേശിയായ ചോനാരിപൊയിൽ അബ്ദുൽ ജാഫറിൽ (33)നിന്നുമാണ് മുംബൈ കസ്റ്റംസ് ഉദ്യോഗസ്ഥർ ഈ സ്വർണ്ണമിശ്രിതം പിടികൂടിയത്. രണ്ടു പേരും ഏകദേശം ഒരു കിലോഗ്രാം മൊത്തം തൂക്കം വരുന്ന നാലു ക്യാപ്സൂലുകൾ വീതമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുവച്ച് കടത്തുവാൻ ശ്രമിച്ചത്.