വയോധികയുടെ ശസ്ത്രക്രിയക്ക് കൈക്കൂലി; ജില്ല ആശുപത്രിയിലെ സർജൻ അറസ്റ്റിൽ

പെരിന്തൽമണ്ണ: പ്രമേഹത്താൽ കാഴ്‌ചക്കുറവു നേരിടുന്ന വയോധികയുടെ കാൽവിരൽ മുറിക്കാനുള്ള ശസ്ത്രക്രിയ നടത്താൻ പണം വാങ്ങുന്നതിനിടെ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ സർജൻ കണ്ണൂർ ഇരിട്ടി സ്വദേശി ഡോ. കെ.ടി. രാജേഷിനെ (49) വിജിലൻസ് അറസ്റ്റുചെയ്തു.

വെള്ളിയാഴ്‌ച വൈകീട്ട് നാലോടെ ജില്ലാ ആശുപത്രിക്കു സമീപത്തെ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന പരിശോധനാമുറിയിൽനിന്നാണ് മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി. ഫിറോസ് എം. ഷെഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പരിശോധനാമുറിയിൽനിന്ന് 15,000 രൂപയോളം കണ്ടെടുത്തതായി വിജിലൻസ് സംഘം അറിയിച്ചു.

ആലിപ്പറമ്പ് സ്വദേശി തച്ചൻകുന്നൻ ഖദീജ(60)യുടെ ശസ്ത്രക്രിയയ്ക്കായി മകൻ മുഹമ്മദ് ഷമീം (30) നൽകിയ ആയിരം രൂപ വാങ്ങിയ ഉടൻ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു. പ്രത്യേക പൊടി വിതറി നൽകിയ നോട്ടുകളാണ് ഡോക്ടർക്ക് ഷമീം കൊടുത്തത്. കൈകൾ പ്രത്യേക ലായനിയിൽ മുക്കിയതോടെ നിറം മാറി. തുടർന്ന് ഡോക്ടറെ ചോദ്യംചെയ്തശേഷം അറസ്റ്റുചെയ്തു. കോട്ടയ്ക്കൽ കൃഷി ഓഫീസർ എം.വി. വൈശാഖൻ, കൂട്ടിലങ്ങാടി കൃഷി ഓഫീസർ ആർ. ഉണ്ണികൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ. ഇതേസമയംതന്നെ ഡോക്ടറുടെ പാതായ്‌ക്കര കാർഗിലിലെ വീട്ടിൽ വിജിലൻസ് ഇൻസ്‌പെക്ടർ ജ്യോതീന്ദ്രകുമാറിന്റെയും ജില്ലാ ആശുപത്രിയിൽ ഇൻസ്‌പെക്ടർ എം. ഗംഗാധരന്റെയും നേതൃത്വത്തിൽ പരിശോധന നടത്തി. കണ്ണൂർ ഇരിട്ടി സ്വദേശിയായ ഡോക്ടർ കുറച്ചുവർഷമായി പെരിന്തൽമണ്ണയിലാണ് ജോലിചെയ്യുന്നത്.

ഷമീം പറയുന്നതിങ്ങനെ: ജനുവരി പത്തിനാണ് മാതാവിനെ ആദ്യം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15-ന് ശസ്ത്രക്രിയ നിശ്ചയിച്ചെങ്കിലും ചെയ്തില്ല. കൂടെ പ്രവേശിപ്പിച്ച നാലുപേരുടെ ശസ്ത്രക്രിയ നടത്തുകയുംചെയ്തു. പിറ്റേ ശനിയാഴ്‌ച വരാൻ പറഞ്ഞു. ‍എന്നാൽ അന്ന് ഡോക്ടർ അവധിയായിരുന്നു. പല കാരണങ്ങൾ പറഞ്ഞ് ശസ്ത്രക്രിയ നീട്ടിക്കൊണ്ടുപോയി. അന്വേഷിച്ചപ്പോൾ പണം നൽകാത്തതാണു കാരണമെന്ന് മനസ്സിലായി.
ജനുവരി 28-ന് വീണ്ടും ഒ.പി.യിലെത്തി ഡോക്ടറെ കണ്ടു. എന്നാൽ മോശമായി പെരുമാറി. ‌പരിശോധനാസ്ഥലത്തെത്തി കാണാൻ ആവശ്യപ്പെട്ടു. സഹികെട്ടപ്പോൾ ജില്ലാ ആശുപത്രിയിൽ പ്രദർശിപ്പിച്ച നമ്പറിൽ വിജിലൻസിനെ അറിയിച്ചു. പിന്നീട് ബുധനാഴ്‌ച മുറിയിൽചെന്ന് പരിശോധനാഫീസ് നൽകി ഡോക്ടറെ കണ്ടു. ശനിയാഴ്‌ച ശസ്ത്രക്രിയ ചെയ്യാമെന്നും തലേന്നുവന്നു കാണണമെന്നും ഡോക്ടർ നിർദേശിച്ചു. ഇതുപ്രകാരം വെള്ളിയാഴ്‌ച രാവിലെ മാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകീട്ട് വിജിലൻസ് നൽകിയ പണവുമായി ഡോക്ടറെ കണ്ടു.

എസ്.ഐ.മാരായ പി. മോഹൻദാസ്, പി.എൻ. മോഹനകൃഷ്ണൻ, ശ്രീനിവാസൻ, എ.എസ്.ഐ.മാരായ സലീം, ഹനീഫ, സി.പി.ഒ.മാരായ പ്രജിത്ത്, ജിറ്റ്‌സ്, ദിനേശ്, രാജീവ്, വിജയകുമാർ, സബൂർ, ശ്യാമ, ഷിഹാബ്, സനൽ എന്നിവരാണ് വിജിലൻസ് സംഘത്തിലുണ്ടായിരുന്നത്.

error: Content is protected !!