
തിരുവനന്തപുരം: സംസ്ഥാനത്ത് അനിശ്ചിതകാല ബസ് പണിമുടക്ക് പ്രഖ്യാപിച്ച് ഉടമകള്‍. പുതിയ അധ്യയന വര്‍ഷം തുടങ്ങാനിരിക്കെയാണ് ജൂണ്‍ ഏഴ് മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക് നടത്താന്‍ ബസ് ഉടമകള്‍ തീരുമാനിച്ചിരിക്കുന്നത്. 12 ബസ് ഉടമ സംഘടനകളുടെ കോര്‍ഡിനേഷനാണ് കൊച്ചിയില്‍ സമര പ്രഖ്യാപനം നടത്തിയത്.
വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണം, വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ചു രൂപയെങ്കിലും ആക്കണം, നിലവില്‍ സര്‍വീസ് നടത്തുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളുടെയും പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തണം, 140 കിലോമീറ്റര്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാനുള്ള ഉത്തരവുകള്‍ പിന്‍വലിക്കണം, വിദ്യാര്‍ത്ഥികളുടെ സൗജന്യ നിരക്കിന് പ്രായപരിധി ഏര്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അനിശ്ചിതകാല സമരം നടത്താനൊരുങ്ങുന്നത്. നാളെ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കുമെന്ന് സമര സമിതി ജനറല്‍ കണ്‍വീനര്‍ ടി ഗോപിനാഥ് പറഞ്ഞു.