ബസ് സമരം രണ്ടാം ദിവസത്തിലേക്ക്, യാത്രക്കാരും വിദ്യാർത്ഥികളും ദുരിതത്തിൽ

മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകൾ നടത്തുന്ന ബസ് സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടക്കുന്നു. എൽ.ഡി.എഫ് യോ​ഗത്തിന് ശേഷം നിരക്ക് വർദ്ധനയിൽ തീരുമാനമെടുക്കുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തിയില്ലെങ്കിൽ ജനജീവിതം
ഇന്നും ദുരിതത്തിലാവും.

വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം.

മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. തിരുവനന്തപുരം നഗരത്തിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നടത്തി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ പരീക്ഷയ്ക്കായി സ്കൂളിൽ എത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടി. ഓട്ടോറിക്ഷകളിലാണ് വിദ്യാർഥികളെ സ്കൂളുകളിലെത്തിച്ചത്.

കഴിഞ്ഞ നവംബറില്‍ സമരം പ്രഖ്യാപിച്ചെങ്കിലും മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരതീരുമാനം പിന്‍വലിക്കുകയായിരുന്നു. ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ അംഗീകരിക്കാമെന്ന് പറഞ്ഞെങ്കിലും തീരുമാനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് വീണ്ടും സമരത്തിലേക്ക് കടന്നതെന്നാണ് ബസ് ഉടമകളൾ പറയുന്നത്. ബജറ്റില്‍ കെ എസ് ആര്‍ ടി സിക്ക് തുകവകയിരുത്തിയപ്പോഴും സ്വകാര്യ ബസ് മേഖലയെ അവഗണിച്ചതിലും ബസുടമകള്‍ക്ക് അമര്‍ഷമുണ്ട്. സംസ്ഥാനത്ത് നിലവില്‍ സര്‍വീസ് നടത്തുന്ന എണ്ണായിരത്തോം ബസുകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.

error: Content is protected !!