കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയധ്യക്ഷനായി സി. മുഹമ്മദ് ഫൈസിയെ വീണ്ടും തിരഞ്ഞെടുത്തു. വരണാധികാരിയായ അഡീഷണൽ സെക്രട്ടറി ഷൈൻ എ. ഹഖിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലിൽ ചേർന്ന യോഗത്തിൽ സി. മുഹമ്മദ് ഫൈസിയുടെ പേര് സഫർ കായൽ നിർദേശിച്ചു. കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി പിന്താങ്ങി. കാന്തപുരം വിഭാഗം സുന്നി നേതാവും സുന്നി മർകസ് ജനറൽ മാനേജരും ആണ് മുഹമ്മദ് ഫൈസി. കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാരുടെ മരുമകനും ആണ്.
2024 വരെയാണ് കമ്മിറ്റിയുടെ കാലാവധി. മന്ത്രി വി. അബ്ദുറഹ്മാൻ മുഹമ്മദ് ഫൈസിയെ അനുമോദിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഹജ്ജ് അപേക്ഷാ നടപടികൾ, വനിതാ ബ്ലോക്ക് നിർമാണം, കരിപ്പൂരിലെ ഹജ്ജ് പുറപ്പെടൽ കേന്ദ്ര പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്തു. പി.വി. അബ്ദുൾ വഹാബ് എം.പി., എം.എൽ.എ.മാരായ പി.ടി.എ. റഹിം, മുഹമ്മദ് മുഹ്സിൻ, മലപ്പുറം കളക്ടർ വി.ആർ. പ്രേംകുമാർ, പി.ടി. അക്ബർ, പി.പി. മുഹമ്മദ് റാഫി, ഉമർ ഫൈസി മുക്കം, മൊയ്തീൻകുട്ടി, കെ.പി. സുലൈമാൻ ഹാജി, കെ.എം. മുഹമ്മദ് കാസിം കോയ, ഐ.പി. അബ്ദുൾ സലാം, പി.എ. സെയ്ദ് മുഹമ്മദ്, ടി.കെ. ഹംസ തുടങ്ങിയവർ പങ്കെടുത്തു.