കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കി

കാലിക്കറ്റ് എയര്‍പോര്‍ട്ട് റണ്‍വെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനുള്ള 5 ശതമാനം കണ്ടിന്‍ജന്‍സി ചാര്‍ജ്ജ് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഭൂമി ഏറ്റെടുക്കുന്നതിന് റവന്യു വകുപ്പിന് നല്‍കേണ്ടുന്ന ചാര്‍ജ്ജാണിത്. 14.5 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍ക്ക് നല്‍കിയ നിര്‍ദ്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റവന്യു അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കത്തയച്ചത്. ഭൂമി ഏറ്റെടുക്കാൻ സർക്കാർ 74 കോടി രൂപ അനുവദിക്കും. ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കി 2022 ഓഗസ്ത് 12 ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കാലിക്കറ്റ് എയര്‍പോര്‍ട്ട് വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നടപടികള്‍ അതിവേഗം നിര്‍വഹിച്ചു വരികയാണെന്ന് മലപ്പുറം ജില്ലയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.

നിലവിലെ റണ്‍വെയുടെ പടിഞ്ഞാറ് പള്ളിക്കല്‍ വില്ലേജില്‍ ഉള്‍പ്പെടുന്ന 7 ഏക്കറും കിഴക്ക് നെടിയിരുപ്പ് വില്ലേജിലെ 7.5 ഏക്കറുമാണ് ഏറ്റെടുക്കുക. റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസിപ്പിക്കുകയാണ് ലക്ഷ്യം. എന്നാല്‍, മാത്രമേ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ അനുമതി ലഭിക്കൂ.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള നോട്ടിഫിക്കേഷന്‍ നടത്തുന്നതിന് സംസ്ഥാനതല എംപാനല്‍ഡ് ഏജന്‍സികളില്‍ നിന്ന് പ്രൊപ്പോസല്‍ വാങ്ങാനും കലക്ടര്‍ക്കുള്ള കത്തില്‍ നിര്‍ദ്ദേശമുണ്ട്. ഏറ്റെടുക്കുന്ന ഭൂമി സര്‍ക്കാര്‍ സൗജന്യമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കൈമാറും. ഭൂമി നിരപ്പാക്കുന്നതിന്റെയും മറ്റു പ്രവൃത്തികളുടെയും ചെലവ് എയര്‍പോര്‍ട്ട് അതോറിറ്റിയാണ് വഹിക്കേണ്ടത്. എയര്‍പോര്‍ട്ട് പരിധിയിലെ പ്രവൃത്തികള്‍ നിര്‍വഹിക്കാനുള്ള ചുമതല എയര്‍പോര്‍ട്ട് അതോറിറ്റിക്കാണ്.

റണ്‍വെ വികസനത്തിന് 14.5 ഏക്കര്‍ ഭൂമി കൈമാറാന്‍ തയ്യാറാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സംസ്ഥാനം നേരത്തേ അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം, മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ മലപ്പുറത്ത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗങ്ങള്‍ ചേര്‍ന്നിരുന്നു. ഈ യോഗങ്ങളില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഭൂമി ഏറ്റെടുക്കലിന് ധാരണയായത്.

error: Content is protected !!