
മലപ്പുറം: ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡില്‍ കടം വീട്ടിയ ശേഷവും പണം ഈടാക്കിയതിന് ഫിനാന്‍സ് കമ്പനിക്ക് 25,100 രൂപ പിഴയിട്ട് ജില്ലാ ഉപഭോക്തൃകമ്മീഷന്‍. മൊറയൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരി 2019 ഡിസംബര്‍ 28ന് മലപ്പുറത്തെ മൊബൈല്‍ കടയില്‍ നിന്നും ഇ.എം.ഐ വ്യവസ്ഥയില്‍ 18,500 രൂപ വിലയുള്ള നോക്കിയ മൊബൈല്‍ ഫോണ്‍ വാങ്ങി. ബജാജ് ഫിന്‍ സെര്‍വില്‍ നിന്നും 2,673 രൂപ പ്രകാരം പ്രതിമാസ തവണകളായി പണമടക്കാം എന്ന വ്യവസ്ഥയിലാണ് കടമെടുത്തത്. എന്നാല്‍ കൃത്യസമയത്തു തന്നെ പണം മുഴുവന്‍ അടച്ചുതീര്‍ത്തിട്ടും എട്ടു മാസത്തിനു ശേഷം 117 രൂപ അക്കൗണ്ടില്‍ നിന്നും ഫിനാന്‍സ് കമ്പനി എടുത്തതിനെ തുടര്‍ന്നാണ് പരാതിയുമായി ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/KmzNsJmYA0ZEO63qiPhA7I
ഇഎംഐ നെറ്റ് വര്‍ക്ക് കാര്‍ഡിന്റെ വ്യവസ്ഥകള്‍ മനസിലാക്കിയാണ് പരാതിക്കാരി കാര്‍ഡ് എടുത്തതെന്നും കാര്‍ഡ് പുതുക്കാനുള്ള വാര്‍ഷിക ചാര്‍ജാണ് 117 രൂപയായി ഈടാക്കിയതെന്നുമാണ് ഫിനാന്‍സ് കമ്പനി വാദിച്ചത്. മാത്രമല്ല നടപ്പു വര്‍ഷത്തില്‍ പരാതിക്കാരി ലോണുകള്‍ ഒന്നും തന്നെ എടുക്കാതിരുന്നതിനാലാണ് പണം ഈടാക്കേണ്ടി വന്നതെന്നും ഫിനാന്‍സ് കമ്പനി വാദിച്ചു. എന്നാല്‍ പരാതിക്കാരി ഇത്തരത്തിലൊരു വ്യവസ്ഥ അംഗീകരിച്ചതിന് ഒരു തെളിവും ഫിനാന്‍സ് കമ്പനിക്ക് ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ കമ്പനിയുടെ നടപടി അനുചിത വ്യാപരവും സേവനത്തിലെ വീഴ്ചയുമായി കണ്ടാണ് 25,100 രൂപ പിഴയും 5,000 രൂപ കോടതി ചെലവുമായി പരാതിക്കാരിക്ക് നല്‍കുന്നതിന് ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ ഉത്തരവിട്ടത്. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്ത പക്ഷം പരാതി തീയതി മുതല്‍ 12 ശതമാനം പലിശയും ഫിനാന്‍സ് കമ്പനി പരാതിക്കാരിക്ക് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.