മുഖ്യമന്ത്രിയുടെ പോസ്റ്റര്‍ കടിച്ചു കീറി ; നായക്കെതിരെ പൊലീസില്‍ പരാതി

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഢിയുടെ പോസ്റ്റര്‍ കീറിയെന്ന് ആരോപിച്ച് നായക്കെതിരെ പൊലീസില്‍ പരാതി. ഒരു നായ ചുമരിലൊട്ടിച്ച പോസ്റ്റര്‍ കടിച്ചു കീറി വലിച്ച് ചുമരില്‍ നിന്ന് പറിച്ചു കളയുന്നതിന്റെ വിഡിയോ പ്രചരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തെലുങ്കുദേശം പാര്‍ട്ടിയിലെ പ്രവര്‍ത്തകയായ ദസരി ഉദയശ്രീ നായക്കെതിരെ വിജയവാഡ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി (വൈഎസ്ആര്‍സിപി) സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാംപയിന്റെ ഭാഗമായാണ് ജഗനണ്ണ മാ ഭവിഷ്യതു (ജഗന്‍ അണ്ണാ നമ്മുടെ ഭാവി) എന്ന മുദ്രാവാക്യമുള്ള സ്റ്റിക്കര്‍ വീടിന്റെ ചുമരില്‍ ഒട്ടിച്ചത്. ഈ പോസ്റ്ററാണ് നായ കടിച്ചു കീറിയത്.

നായ ചുമരിലൊട്ടിച്ച പോസ്റ്റര്‍ കടിച്ചു കീറി പറിച്ചു കളയുന്നത് മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ആന്ധ്ര പ്രദേശില്‍ നായ പോലും ജഗന്‍മോഹന്‍ റെഡ്ഢിയെ അപമാനിക്കുകയാണെന്നും അതിനാല്‍ നായക്കെതിരെയും നായയെ ഇതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും വിഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സംഭവത്തില്‍ കേസെടുത്തിട്ടില്ലെന്ന് വിജയവാഡ പൊലീസ് അറിയിച്ചു.

error: Content is protected !!