മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാന്‍ താനൂര്‍ മണ്ഡലത്തിലെ തീരസദസ്സ് ഒരുങ്ങുന്നു

താനൂര്‍ : സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും, പരിഹാരങ്ങള്‍ നിര്‍ദേശിക്കാനുമായി ഫിഷറീസ് വകുപ്പിന് കീഴില്‍ നടപ്പിലാക്കുന്ന തീരസദസ്സ് താനൂരില്‍ മെയ് 11ന് നടക്കും. പരിപാടിയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രാദേശിക പ്രശ്‌നങ്ങളും, വികസന സാധ്യതകളും വിശകലനം ചെയ്യും. തീര സദസ്സിന്റെ ഭാഗമായി മത്സ്യത്തൊഴിലാളികള്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമായിട്ടുണ്ട്.

ഏപ്രില്‍ 15 വരെയാണ് പരാതികള്‍ സമര്‍പ്പിക്കാനുള്ള അവസരം. ഫിഷറീസ് ഓഫീസ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസ്, അക്ഷയ കേന്ദ്രങ്ങള്‍, വാര്‍ഡ് തലം എന്നിവ കേന്ദ്രീകരിച്ച് പരാതികള്‍ സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. പരിപാടിയുടെ ഭാഗമായി താനൂര്‍ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ,ഹജ്ജ് റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

താനൂര്‍ നഗരസഭാ അധ്യക്ഷന്‍ പി. ഷംസുദ്ദീന്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിമോള്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗമായ പി. നാസര്‍, താനൂര്‍ നഗരസഭാംഗങ്ങള്‍, നിറമരുതൂര്‍ ഗ്രാമപഞ്ചായത്തംഗങ്ങള്‍, സഹകരണ സംഘം ഭാരവാഹികള്‍, രാഷ്ട്രീയ, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.

error: Content is protected !!