റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കി കിടത്തി കോടികള്‍ തട്ടി ; മൂന്നു പേര്‍ പിടിയില്‍, മുഖ്യപ്രതികള്‍ ഒളിവില്‍

കോയമ്പത്തൂര്‍ : റിയല്‍ എസ്റ്റേറ്റ് ഉടമയെ മയക്കിക്കിടത്തി രണ്ടരക്കോടി രൂപയും 100 പവനും കവര്‍ന്ന് 29 കാരി കടന്നു കളഞ്ഞ കേസില്‍ മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സഹായികളായ തിരുവള്ളൂര്‍ പൊന്നേരി മേട്ടുവീഥിയിലെ അരുണ്‍കുമാര്‍ (37), സുഹൃത്തുക്കളായ പ്രവീണ്‍ (32), സുരേന്ദര്‍ (25) എന്നിവരെയാണു പിടികൂടിയത്. മുഖ്യപ്രതികള്‍ ഒളിവിലാണ്.

മാര്‍ച്ച് 20നു കോയമ്പത്തൂര്‍ പുലിയകുളം ഗ്രീന്‍ഫീല്‍ഡ് കോളനിയില്‍ താമസിക്കുന്ന രാജേശ്വരിയുടെ (63) വീട്ടിലാണു സിങ്കാനല്ലൂര്‍ സ്വദേശി വര്‍ഷിണിയും സംഘടവും മോഷണം നടത്തിയത്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്ന രാജേശ്വരിയെ ബിസിനസില്‍ സഹായിക്കാനെന്ന പേരില്‍ കൂടെച്ചേര്‍ന്ന വര്‍ഷിണി ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്തി നല്‍കി മയക്കി കിടത്തി കവര്‍ച്ച നടത്തിയത്. രാജേശ്വരി വീട്ടില്‍ തനിച്ചാണു താമസം. ആണ്‍സുഹൃത്ത് അരുണ്‍ കുമാര്‍, ഡ്രൈവര്‍ നവീന്‍കുമാര്‍ എന്നിവരുടെ സഹായത്തോടെയായിരുന്നു കവര്‍ച്ച.

മയക്കംവിട്ടപ്പോള്‍ മോഷണ വിവരമറിഞ്ഞ രാജേശ്വരി ബന്ധുക്കളെ വിളിച്ചുവരുത്തി രാമനാഥപുരം പൊലീസില്‍ പരാതി നല്‍കി. രണ്ടരക്കോടി രൂപ നഷ്ടപ്പെട്ടതായാണു പരാതി. തുടര്‍ന്ന് രാമനാഥപുരം ഇന്‍സ്‌പെക്ടര്‍ പ്രഭാദേവിയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടുകയായിരുന്നു. മുഖ്യപ്രതികള്‍ക്കായുള്ള അന്വേഷണം തുടരുകയാണ്. പിടിയിലായ അരുണ്‍കുമാര്‍ 33.2 ലക്ഷം രൂപയും 6 ജോഡി സ്വര്‍ണവളകളും സുഹൃത്തുക്കളെ ഏല്‍പ്പിച്ചതായി മൊഴി നല്‍കി. ഇതില്‍ 31.2 ലക്ഷം രൂപ സേലം ആദായനികുതി വകുപ്പ് പിടിച്ചെടുത്തു. ശേഷിച്ച രണ്ടു ലക്ഷം രൂപയും ആഭരണങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

error: Content is protected !!