പരപ്പനങ്ങാടി – പയനിങ്ങൽ ജംഗ്ഷനിൽ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന നിലയിൽ സ്ഥാപിച്ച ട്രാഫിക് സർക്കിൾ ശാസ്ത്രീയമായ രീതിയിൽ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻറ് ഫോറം (പി.ഡി.എഫ്) മനുഷ്യാവകാശ കമ്മീഷനിൽ നൽകിയ പരാതി യിൽ ട്രാഫിക് സിഗ്നൽ പൊളിച്ചു മാറ്റണമെന്ന് ജോയൻ്റ് ആർ.ടി.ഒ കമ്മീഷന് മറുപടി നൽകി. നാടുകാണി – പരപ്പനങ്ങാടി പാതയുടെ ഭാഗമായി റോഡ് നവീകരണ സമയത്ത് ട്രാഫിക് സിഗ്നൽ മാറ്റാതെ റോഡ് ടാറിങ്ങ് നടത്തിയതിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ച് പ്രസ്തുതസിഗ്നൽ ശാസ്ത്രീയവും ആധുനികവുമായ രീതിയിൽ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പി.ഡി.എഫിൻ്റെ നേതൃത്വത്തിൽ പ്രതീകാത്മക മൃതദേഹ സമരവും നടത്തിയിരുന്നു. ഇതിനെത്തുടർന്നാണ് തിരുവനന്തപുരത്ത് കമ്മീഷൻ്റെ ഓഫീസിൽ നേരിട്ടെത്തി പരപ്പനങ്ങാടി നഗരസഭ സെക്രട്ടറി , പി.ഡബ്ല്യു.ഡി അസ്സിസ്റ്റൻ്റ് എഞ്ചിനീയർ, ആർ.ടി.ഒ. എന്നിവരെ എതിർകക്ഷികളാക്കി പി.ഡി.എഫ്. പരാതി സമർപ്പിച്ചത്.
കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് സ്ഥലം അനുയോജ്യമായ മറ്റു സ്ഥലത്തേക്ക് മാറ്റുക, റെയിൽവേ അടിപ്പാതക്ക് സമീപമുള്ള ഓട്ടോറിക്ഷാ പാർക്കിങ്ങ് ജംഗ്ഷനിൽ നിന്നും മാറ്റി സ്ഥാപിക്കുക, റോഡ് അടയാളങ്ങൾ പുനക്രമീകരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ,റെയിൽവേ മേൽപ്പാലം വന്നതിന് ശേഷം ചെമ്മാട് ഭാഗത്തേക്കുള്ള റോഡ് അടച്ചതിനാൽ ഈ ജംഗ്ഷനിൽ ഒരു ട്രാഫിക് സർക്കിൾ ആവശ്യം വരുന്നില്ലായെന്നും ആർ.ടി.ഒ കമ്മീഷനിൽ മറുപടി നൽകിയ കത്ത് ലഭിച്ചതായി പി.ഡി.എഫ് ഭാരവാഹികളായ യു.ഷാജി മുങ്ങാത്തം തറ, മനാഫ് താനൂർ, പി.പി.അബൂബക്കർ എന്നിവർ പറഞ്ഞു.