അപകടരമായ ഡ്രൈവിങ്; പ്രതികരിച്ച സഹോദരിമാരെ മർദിച്ചയാൾക്കെതിരെ എടുത്തത് നിസാര വകുപ്പെന്ന്

Copy LinkWhatsAppFacebookTelegramMessengerShare

അപകടകരമായ ഡ്രൈവിങ്ങിനെതിരേ പ്രതികരിച്ചതിന് സ്കൂട്ടർ യാത്രക്കാരായ സഹോദരിമാരെ നടുറോഡിൽ യുവാവ് മർദിച്ചു. തിരൂരങ്ങാടി സ്വദേശിയായ യുവാവിന്റെ പേരിൽ യുവതികളുടെ പരാതിയിൽ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തായിട്ടുണ്ട്.

ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തിൽ കഴിഞ്ഞ 16-നാണ് സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിന്റെ പേരിലാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശിനികളായ എം.പി മൻസിലിൽ അസ്‌ന കെ. അസീസ്, ഹംന കെ. അസീസ് എന്നിവർക്കാണ് മർദനമേറ്റത്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂർ ദേശീയപാതയിൽ അമിതവേഗത്തിലെത്തിയ കാർ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെതിരേയാണ് പ്രതികരിച്ചതെന്ന് യുവതികൾ പറഞ്ഞു. ഹോണടിച്ച് മുന്നോട്ടുപോയ സ്കൂട്ടർ പാണമ്പ്രയിലെ ഇറക്കത്തിൽ യുവാവ് കാറു കുറുകെയിട്ടു തടഞ്ഞു. കാറിൽനിന്നിറങ്ങിയ ഇബ്രാഹിം ഷബീർ പ്രകോപനംകൂടാതെ മുന്നിലിരുന്ന തന്നെയും സഹോദരി ഹംനയെയും മർദിച്ചുവെന്ന് അസ്‌ന പറഞ്ഞു. യുവാവ് യുവതിയുടെ മുഖത്തടിക്കുന്നതും ആളുകൾ പ്രതികരിച്ചതോടെ കാറുമായി കടന്നുകളയുന്നതും വീഡിയോയിലുണ്ട്. അഞ്ചുതവണ തന്റെ മുഖത്തടിച്ചതായും അസ്‌ന പറഞ്ഞു.

പരിക്കേറ്റ യുവതികൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. നട്ടെല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് അസ്‌ന. ശനിയാഴ്ച ഇരുവരുടെയും മൊഴി രേഖപ്പെടുത്തി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!