പ്രവൃത്തി നടത്തുന്നതിൽ കാലതാമസം, ഊരാളുങ്കൽ സൊസൈറ്റിയോട് പൊട്ടിത്തെറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

“പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ യോഗം വിളിച്ചെങ്കിൽ മാത്രമേ നിങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥർ പങ്കെടുക്കുകയുള്ളോ– റോഡ് നിർമാണം കരാറെടുത്ത കമ്പനിയുടെ ഉദ്യോഗസ്ഥനോടു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊട്ടിത്തെറിച്ചു. 7 മാസം മുൻപു കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം–വിമാനത്താവളം റോഡ് നന്നാക്കാത്തതിനെക്കുറിച്ചു ചർച്ച ചെയ്ത ഉന്നതതല യോഗത്തിൽ നിന്നു കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ വിട്ടുനിന്നതാണു മന്ത്രിയെ പ്രകോപിപ്പിച്ചത്. മന്ത്രി വിളിച്ച യോഗത്തിൽ മരാമത്ത് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയും ചീഫ് എൻജിനീയറും പങ്കെടുത്തപ്പോൾ, കമ്പനി അയച്ചതു ജൂനിയർ ഉദ്യോഗസ്ഥനെയാണ്.

സാങ്കേതിക കാരണങ്ങളുടെ പേരിൽ അറ്റകുറ്റപ്പണി ഇഴയുന്നതു ശ്രദ്ധയിൽപെട്ടതോടെയാണു മന്ത്രിയുടെ നിയന്ത്രണം വിട്ടത്.  ‘‘പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു മരാമത്തു വകുപ്പിന്റെ പ്രശ്നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികൾ നടത്തിയിട്ടുണ്ട്. എന്നാൽ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവർത്തിച്ചാൽ നടപടിയുണ്ടാകും’’– കടുത്ത ഭാഷയിൽ മന്ത്രി പറഞ്ഞു.

നിർമാണത്തിനുള്ള മണ്ണ് ആര് എത്തിക്കുമെന്ന തർക്കത്തിലാണു പണി ഇഴഞ്ഞത്. കരാറുകാർ തന്നെ മണ്ണ് എത്തിക്കണമെന്നു വ്യവസ്ഥയുണ്ടെന്നു മരാമത്ത് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ശകാരം കേട്ടതോടെ ‘സാങ്കേതിക തടസ്സം’ നീങ്ങി. ഫെബ്രുവരിയോടെ പണി പൂർത്തിയാക്കാമെന്ന ഉറപ്പോടെ വിശദമായ റിപ്പോർട്ടും കരാർ കമ്പനി നൽകി. 
മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ പിന്തുണയുടെ പിൻബലത്തിൽ അഹങ്കാരം കാണിച്ചാൽ അംഗീകരിച്ച് കൊടുക്കില്ലെന്ന നിലപാടിലാണ് പൊതുമരാമത്ത് വകുപ്പ്.    
ആദ്യമായാണ് ഊരാളുങ്കലിനെതിരെ ഇത്തരം പരസ്യ വിമർശനം ഒരു മന്ത്രിയിൽ നിന്നുണ്ടാകുന്നത്.
മിക്ക പ്രധാന പദ്ധതികളുടെയും കരാർ ഊരാളുങ്കലിന് ലഭിക്കുന്നതിനിടയിലാണ് പുതിയ സംഭവ വികാസങ്ങൾ. 
മുഖ്യമന്ത്രിയുടെ ഓഫിസുമായുള്ള ബന്ധത്തിന്റെയും പല നേതാക്കളുടെയും അടുത്ത ബന്ധുക്കൾക്ക് ജോലി നൽകിയതിന്റെയും പേരിലാണ് ഊരാളുങ്കൽ നേട്ടമുണ്ടാക്കുന്നതെന്ന് ആരോപണമുണ്ട്. അത്തരം ബന്ധങ്ങളുടെ പേരിൽ വിട്ടുവീഴ്ച കിട്ടില്ല എന്ന സന്ദേശമാണ് റിയാസിന്റെ വാക്കുകളിൽ. 
പരപ്പനങ്ങാടി – നാടുകാണി റോഡ് പ്രവൃത്തിയുടെ പേരിലും ഊരാളുങ്കൽ സൊസൈറ്റിക്കെതിരെ ആരോപണം ഉണ്ട്. ഉദ്യോഗസ്ഥരെ സ്വാധീനിച്ചു മുഴുവൻ പ്രവൃത്തിയും നടത്താതെ ഫണ്ട് വാങ്ങി അവസാനിപ്പിക്കുകയാണ് എന്നാണ് ആരോപണം. ഇതിനെതിരെ തിരൂരങ്ങാടി യിൽ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. ഇവർ ഹൈക്കോടതിയിൽ കേസും നൽകിയിട്ടുണ്ട്.

error: Content is protected !!