ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി കേരള പൊലീസ്. ഇമെയിലിലൂടെയും സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴിയും മറ്റു മാര്‍ഗങ്ങളിലൂടെയും ലഭിക്കുന്ന വിശ്വാസയോഗ്യമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ, ഡൗണ്‍ലോഡ് ചെയ്യുകയോ, ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. തട്ടിപ്പ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍, ബാങ്കിങ് വിവരങ്ങള്‍, മറ്റു ഡേറ്റ എന്നിവ തട്ടിപ്പുകാര്‍ക്ക് ലഭ്യമാകുവാനിടയുണ്ടെന്നും ഇത്തരത്തിലുള്ള ലിങ്കുകളോടു പ്രതികരിച്ചു വഞ്ചിതരാകാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പൊലീസ് സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു. ഉറവിടത്തിന്റെ ആധികാരികത പരിശോധിക്കാതെ സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ഡൗണ്‍ലോഡ് ചെയ്യുകയോ പാടില്ലെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.