ഡോ. ബഹാഉദ്ദീന്‍ നദ്‌വി
മോറോക്കന്‍ രാജാവിന്റെ റമദാന്‍ അതിഥി

തിരൂരങ്ങാടി:  മോറോക്കന്‍ രാജാവ് അമീര്‍ മുഹമ്മദ് ബിന്‍ ഹസന്റെ റമദാന്‍ അതിഥിയായി ഇത്തവണയും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം.
റമദാനില്‍ രാജ്യത്തെ വിവിധ ഇടങ്ങളില്‍ നടക്കുന്ന വിജ്ഞാന സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാനാണ് അവസാന പത്തിലെ അതിഥിയായി സമസ്ത കേന്ദ്ര മുശാവറാംഗവും ദാറുല്‍ഹുദാ വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിക്ക് ക്ഷണം ലഭിച്ചത്.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മത പണ്ഡിതരും മുഫ്തിമാരും അക്കാദമിക വിദഗ്ദരും അതിഥികളായി സംബന്ധിക്കുന്ന വിദ്വല്‍സദസ്സുകള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇത് മൂന്നാം തവണയാണ് ഡോ. നദ്‌വി മോറോക്കയിലേക്ക് തിരിക്കുന്നത്.
1963-ല്‍ അമീര്‍ മുഹമ്മദ് ഹസന്‍ രണ്ടാമനാണ് ‘ദുറൂസുല്‍ ഹസനിയ്യ’ എന്ന പേരില്‍ റമദാനിലെ പണ്ഡിത സദസ്സ് ആരംഭിച്ചത്. സഈദ് റമദാന്‍ ബൂത്വി, ശൈഖ് മുഹമ്മദ് മുതവല്ലി അശ്ശഅ്‌റാവി, മുന്‍ ശൈഖുല്‍ അസ്ഹര്‍ മുഹമ്മദ് സയ്യിദ് ഥന്‍ഥാവി, സയ്യിദ് അബുല്‍ ഹസന്‍ അലി നദ്‌വി തുടങ്ങിയ നിരവധി ആഗോള പണ്ഡിതര്‍ മുന്‍പ് ദുറൂസുല്‍ ഹസനിയ്യക്കു നേതൃത്വം നല്‍കിയിരുന്നു.
മോറോക്കന്‍ പര്യടനത്തിനിടയില്‍ ഫെഡറേഷന്‍ ഓഫ് ദ യൂണിവേഴ്‌സിറ്റീസ് ഓഫ് ഓഫ് ദ ഇസ്്‌ലാമിക് വേള്‍ഡിന്റെയും ഇസ്്‌ലാമിക് വേള്‍ഡ് എജ്യുക്കേഷണല്‍, സയന്റിഫിക്ക് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെയും ആസ്ഥാനങ്ങളും ലോകത്തെ പ്രഥമ സര്‍വകലാശാലയായ ജാമിഅ അല്‍ ഖറവിയ്യീനിലും ഡോ. നദ്‌വി സന്ദര്‍ശിക്കും.

error: Content is protected !!