തദ്ദേശസ്വയംഭരണതിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടികയിൽ വെള്ളിയാഴ്ച വരെ പേര് ചേര്‍ക്കാം

വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കുന്നത് ഇങ്ങനെ

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കാൻ ജൂണ്‍ 21 വരെ അവസരം. 2024 ജനുവരി ഒന്നിനോ അതിന് മുമ്പോ 18 വയസ്സ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 50 വാര്‍ഡുകൾ ഉള്‍പ്പെടെ സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടര്‍പട്ടികയാണ് പുതുക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിൽ പ്രവാസി ഭാരതീയരുടെ വോട്ടര്‍പട്ടികയും തയ്യാറാക്കുന്നുണ്ട്. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും.

നിയമസഭ, ലോക്‌സഭ വോട്ടര്‍പട്ടിക തയ്യാറാക്കുന്നത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയും തദ്ദേശവോട്ടര്‍പട്ടിക തയ്യാറാക്കുന്നത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുമാണ്. നിയമസഭ,ലോക്‌സഭ വോട്ടര്‍പട്ടികയിൽ പേരുണ്ടെങ്കിലും തദ്ദേശവോട്ടര്‍പട്ടികയിൽ പേരുള്‍പ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്. തദ്ദേശവോട്ടര്‍പട്ടികയുടെ കരട് sec.kerala.gov.in വെബ്‌സൈറ്റിലും അതാത് തദ്ദേശസ്ഥാപനത്തിലും വില്ലേജ് ,താലൂക്ക് ഓഫീസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്.

പുതുതായി പേര് ചേര്‍ക്കുന്നതിനും (ഫോറം 4), ഉള്‍ക്കുറിപ്പുകൾ തിരുത്തുന്നതിനും (ഫോറം 6), സ്ഥാനമാറ്റം വരുത്തുന്നതിനും (ഫാറം 7) sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി വേണം അപേക്ഷിക്കാന്‍. അപേക്ഷകന്റെ മൊബൈല്‍ നമ്പറുപയോഗിച്ച് സിറ്റിസൺ രജിസ്‌ട്രേഷൻ നടത്തി വേണം അപേക്ഷ നല്‍കേണ്ടത്. ജില്ല, തദ്ദേശസ്ഥാപനം, വാര്‍ഡ് , പോളിംഗ് സ്‌റ്റേഷൻ എന്നിവ തിരഞ്ഞെടുത്ത് വോട്ടറുടെ പേരും മറ്റ് വിവരങ്ങളും നല്‍കണം. അപേക്ഷയോടൊപ്പം ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തവര്‍ക്ക് ഹിയറിംഗ് വേളയിൽ നേരിട്ട് നൽകാവുന്നതാണ്.

അക്ഷയ സെന്റര്‍ തുടങ്ങിയ അംഗീകൃത ജനസേവനകേന്ദ്രങ്ങള്‍ മുഖേനയും അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുമ്പോൾ ഹിയറിങിനുള്ള നോട്ടീസ് ലഭിക്കും. നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയില്‍ അപേക്ഷകൻ ആവശ്യമായ രേഖകള്‍സഹിതം ഹീയറിങിന് ഹാജരാവണം.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് എടുത്ത് അപേക്ഷകന്റെ ഒപ്പ് രേഖപ്പെടുത്തി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍ക്ക് ലഭ്യമാക്കുന്ന കേസുകളില്‍ രേഖകള്‍ പരിശോധിച്ചോ വിശദമായ അന്വേഷണം നടത്തിയോ വീഡിയോക്കോള്‍ മുഖേനയോ അപേക്ഷകന്റെ ഐഡന്റിറ്റി ഉറപ്പാക്കി ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് ഉചിത നടപടി സ്വീകരിക്കാവുന്നതാണ്.
പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങള്‍ (ഫാറം 5) ഓണ്‍ലൈനിൽ രജിസ്റ്റർ ചെയത് പ്രിന്റ് എടുത്ത് നേരിട്ടോ തപാലിലോ ഇലക്ടറല്‍ രജിസ്‌ട്രേഷൻ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം. ഓണ്‍ലൈനിൽ രജിസ്റ്റർ ചെയ്യാതെയും അവ നിര്‍ദ്ദിഷ്ട ഫാറത്തില്‍ നേരിട്ട് നല്‍കാവുന്നതാണ്.
ഗ്രാമപഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും കോര്‍പ്പറേഷനുകളില്‍ അഡീഷണല്‍ സെക്രട്ടറിമാരുമാണ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍.ഇലക്ഷന്‍ രജിസ്‌ട്രേഷൻ ഓഫീസറുടെ തീരുമാനത്തിനെതിരെ അപ്പീൽ നല്‍കേണ്ടത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കാണ്.

വോട്ടര്‍പട്ടികയിൽ പേര് ചേര്‍ക്കുന്നത് എങ്ങിനെ?

 1. sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ വേണം ഓണ്‍ലൈനായി അപേക്ഷിക്കാൻ.
 2. വെബ്‌സൈറ്റിൽ പ്രവേശിക്കുന്നതിന് മുന്‍പ് ചുവടെ പറയുന്ന നിര്‍ദ്ദേശങ്ങൾ പാലിക്കുക.
 3. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുടെ സോഫ്റ്റ് കോപ്പി (jpg, jpeg format ല്‍ ആയിരിക്കണം. (240 x 320 പിക്സല്‍ ; 5 കെ.ബി to 30 കെ.ബി) തയ്യാറാക്കി വയ്ക്കണം.
 4. വോട്ടര്‍പട്ടികയിൽ ഉള്‍പ്പെട്ടിട്ടുള്ള കുടുംബാംഗത്തിന്റെയോ അയല്‍പക്കത്തുള്ളവരുടെയോ വോട്ടര്‍പട്ടികയിലെ സീരിയൽ നമ്പർ വെബ്‌സൈറ്റിലെ വോട്ടര്‍സര്‍വീസ് ക്ലിക്ക് ചെയ്ത് വോട്ടര്‍സെര്‍ച്ച് വഴി കണ്ടെത്താം
 5. തദ്ദേശസ്ഥാപനത്തിന്റെ പേര്, വാര്‍ഡിന്റെ പേരും നമ്പരും, പോളിംഗ് ബൂത്തിന്റെ പേരും നമ്പരും അറിയുക
 6. ആധാര്‍കാര്‍ഡിന്റെയോ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ഷൻ ഐഡികാര്‍ഡിന്റെയോ പാസ്‌പോര്‍ട്ടിന്റെയോ ഡ്രൈവിംഗ് ലൈസന്‍സിന്റെയോ മറ്റേതെങ്കിലും ഐഡി കാര്‍ഡാണെങ്കിൽ
  അതിന്റെയോ നമ്പർ അറിയുക
 7. വെബ്‌സൈറ്റിൽ ‘Sign in ‘ക്ലിക്ക് ചെയ്യുക. അതിന് ശേഷം സിറ്റിസണ്‍ രജിസ്‌ട്രേഷൻ നടത്തുക. യൂസര്‍ നെയിം നല്‍കുന്ന മൊബൈൽ നമ്പർ തന്നെയാണ്. ഒരു മൊബൈല്‍ നമ്പറിൽ നിന്നും പരമാവധി 10 അപേക്ഷകൾ സമര്‍പ്പിക്കാം. സൃഷ്ടിക്കുന്ന പാസ് വേര്‍ഡ് ഓര്‍മ്മിച്ചു വയ്ക്കുക
 8. അതിന് ശേഷം ലോഗിന്‍ ചെയ്യുമ്പോൾ വരുന്ന പേജിൽ പേര് ചേര്‍ക്കാനായി ‘Name Inclusion ‘ (Form 4 ) ക്‌ളിക് ചെയ്ത് ആവശ്യമായ വിവരങ്ങൾ എന്‍ട്രി വരുത്തുക . മറ്റൊരു തദ്ദേശ സ്ഥാപനത്തിലേക്ക് മാറുന്നതിനും Form4തിരഞ്ഞെടുക്കുക.
 9. നിലവിലെ വിവരങ്ങളില്‍ മാറ്റം വരുത്തുന്നതിനായി Correction (Form 6) ക്‌ളിക്ക് ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ എൻട്രി വരുത്തണം.
 10. ഒരു തദ്ദേശസ്ഥാപനത്തിനുള്ളില്‍ തന്നെ വാര്‍ഡ് മാറ്റുന്നതിനോ പോളിംഗ് സ്‌റ്റേഷൻ മാറ്റുന്നതിനോ Transposition (Form 7) ക്‌ളിക്ക് ചെയ്ത് ആവശ്യമായ എന്‍ട്രികൾ വരുത്താവുന്നതാണ്
 11. വോട്ടര്‍പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിനായി Application for Name deletion ക്‌ളിക്ക് ചെയ്ത് ആവശ്യമായ എന്‍ട്രികള്‍ വരുത്തണം.അത് പ്രിന്റ് എടുത്ത് ഒപ്പിട്ട് നേരിട്ടോ തപാലിലോ ഇ.ആര്‍.ഒയ്ക്ക് സമര്‍പ്പിക്കണം
 12. അപേക്ഷ Confirm ചെയ്തു കഴിഞ്ഞാല്‍ അപേക്ഷ ഫാറവും ഹിയറിങ് നോട്ടീസും ഡൗണ്‍ലോഡ് ചെയത് പ്രിന്റ് എടുക്കാം
error: Content is protected !!