Wednesday, August 20

സംരഭകന് നിലവാരം കുറഞ്ഞ യന്ത്രം നല്‍കി: വിലയും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധി

സ്വയം തൊഴില്‍ സംരഭകന് നിവവാരം കുറഞ്ഞ യന്ത്രം നല്‍കിയെന്ന പരാതിയില്‍ വിലയായ 10,00,500 രൂപയും 2,00,000 രൂപ നഷ്ടപരിഹാരവും കമ്പനി
നല്‍കാന്‍ ഉപഭോക്തൃ കമ്മീഷന്‍ വിധിച്ചു. ശാരീരിക അവശതയനുഭവിക്കുന്ന വളാഞ്ചേരിയിലെ ഹാഷിം കൊളംബന്റെ പരാതിയിലാണ് നടപടി.
സ്വയം തൊഴില്‍ സംരഭമായി കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വായ്പയെടുത്താണ് വളാഞ്ചേരിയില്‍ ‘മെക്കാര്‍ട്ട്’ എന്ന പേരില്‍ ഇദ്ദേഹം സ്ഥാപനമാരംഭിച്ചത്. ഇവിടെ എറണാകുളത്തെ മെറ്റല്‍ ക്രാഫ്റ്റ് എന്ന സ്ഥാപനത്തില്‍ നിന്നും 10,00,500 രൂപ വിലയുള്ള സി.എന്‍.എസ് റൂട്ടര്‍ മെഷീന്‍ വാങ്ങി സ്ഥാപിച്ചിരുന്നു. ഏതാനും മാസം കഴിഞ്ഞപ്പോഴേക്കും തൃപ്തികരമായി യന്ത്രം പ്രവര്‍ത്തിക്കുന്നില്ലെന്ന് കണ്ട് പരാതി പറഞ്ഞെങ്കിലും അപാകതകള്‍ പരിഹരിക്കാന്‍ കമ്പനി അധികൃതര്‍ക്കായില്ല. തുടര്‍ന്നാണ് 18,96,990/ രൂപ നഷ്ടപരിഹാരം തേടി ഹാഷിം കൊളംബന്‍ ജില്ലാ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. പരാതിക്കാരന്‍ ലാഭമുണ്ടാക്കുന്ന ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കയാല്‍ ഉപഭോക്തൃ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദം കമ്മീഷന്‍ അംഗീകരിച്ചില്ല. തുടര്‍ന്ന് യന്ത്രത്തിന്റെ വിലയുംനഷ്ടപരിഹാരവും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നല്‍കണമെന്ന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍ അംഗവുമായ  ജില്ലാ ഉപഭോക്തൃ കമ്മീഷന്‍ വിധിക്കുകയായിരുന്നു. ഒരു മാസത്തിനകം ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ നടപ്പാക്കുന്നത് വരെ വിധി സംഖ്യക്ക് ഒന്‍പത്  പലിശ കമ്പനി നല്‍കേണ്ടി വരും.

error: Content is protected !!