Wednesday, September 17

പ്രശസ്ത നടന്‍ മേഘനാഥന്‍ അന്തരിച്ചു

കോഴിക്കോട് : പ്രശസ്ത നടന്‍ മേഘനാഥന്‍ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ പുലര്‍ച്ചെ രണ്ടോടെയാണ് മരണം. നടന്‍ ബാലന്‍ കെ.നായരുടെ മകനാണ് മേഘനാഥന്‍. അന്‍പതോളം സിനിമകളിലും നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

1980ല്‍ പി.എന്‍.മേനോന്‍ സംവിധാനം ചെയ്ത ‘അസ്ത്രം’ എന്ന ചിത്രത്തില്‍ സ്റ്റുഡിയോ ബോയിയെ അവതരിപ്പിച്ചാണ് മേഘനാഥന്‍ സിനിമാ രംഗത്തേയ്ക്കു പ്രവേശിച്ചത്. പഞ്ചാഗ്‌നി, ചമയം, രാജധാനി, ഭൂമിഗീതം, ചെങ്കോല്‍, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാന്‍, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, ഉല്ലാസപ്പൂങ്കാറ്റ്, രാഷ്ട്രം, കുടമാറ്റം, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷന്‍ ഹീറോ ബിജു തുടങ്ങി നിരവധി സിനിമകളില്‍ മേഘനാഥന്‍ അഭിനയിച്ചു.

ചെങ്കോലിലെ കീരിക്കാടന്‍ സണ്ണിയിലൂടെയാണ് ശ്രദ്ധേയനായത്.കൂടുതലും വില്ലന്‍ വേഷങ്ങള്‍ കൈകാര്യം ചെയ്ത മേഘനാഥന്‍ സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. മലയാള ചലച്ചിത്രങ്ങള്‍ക്ക് പുറമെ തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 2022ല്‍ റിലീസ് ചെയ്ത കൂമനാണ് അവസാന ചിത്രം.

സംസ്‌കാരം ഷൊര്‍ണൂരിലുള്ള വീട്ടില്‍ വച്ച് നടക്കും. ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.

error: Content is protected !!