കോഴിക്കോട് : മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ പ്രിയപ്പെട്ട എം ടി വാസുദേവൻ നായർ അന്തരിച്ചു. 91 -ാം വയസില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വാർദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലിരിക്കവെയാണ് അന്ത്യം.
ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് 11 ദിവസമായി എം ടി ആശുപത്രിയിലായിരുന്നു. രാത്രിയോടെ ഹൃദയാഘാതം ഉണ്ടായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
മരണത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചരണം നടത്തും.
എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്. സംസ്കാരം ഇന്ന് വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍ നടക്കും. ഭാര്യ കലാമണ്ഡലം സരസ്വതി ടീച്ചർ, മകള്‍ അശ്വതി, എന്നിവർ ആശുപത്രിയിലുണ്ടായിരുന്നു. മൂത്ത മകള്‍ സിത്താര യു എസിലാണ്.
നോവല്‍, ചെറുകഥ, തിരക്കഥ, നാടകം, ബാലസാഹിത്യം, യാത്രാവിവരണം, ലേഖനം എന്നിങ്ങനെ എഴുത്തിന്റെ സമസ്തരൂപങ്ങളിലും വിരല്‍മുദ്ര പതിപ്പിച്ച എംടി, പത്രാധിപർ എന്ന നിലയിലും അതുല്യനാണ്. മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നായി എണ്ണപ്പെടുന്ന നിർമാല്യം ഉള്‍പ്പെടെ 6 സിനിമകളും രണ്ട് ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
ജ്ഞാനപീഠം ജേതാവായ എംടിയെ 2005 ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ജെ.സി. ദാനിയേല്‍ പുരസ്കാരം, എഴുത്തച്ഛൻ പുരസ്കാരം, വയലാർ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, വള്ളത്തോള്‍ പുരസ്കാരം തുടങ്ങി നിരവധി ബഹുമതികള്‍ നേടിയിരുന്നു. മികച്ച തിരക്കഥയ്ക്ക് ദേശീയ ചലച്ചിത്ര പുരസ്കാരം നാല് തവണ നേടിയ അദ്ദേഹം മികച്ച സംവിധായകന് മൂന്ന് വട്ടം സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. 11 തവണ മികച്ച തിരക്കഥയ്ക്കും സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്.
ഒരു മാസത്തിനിടെ പല തവണ എം.ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ശ്വാസ തടസത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ 15ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ പ്രശ്നങ്ങളും കുറച്ചു നാളുകളായി അലട്ടിയിരുന്നു. ആരോഗ്യ നില ഗുരുതരമാണെന്നും ഹൃദയസ്തംഭനം ഉണ്ടായെന്നും അറിയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം രാവിലെ മെഡിക്കല്‍ ബുള്ളറ്റിനും ആശുപത്രി അധികൃതര്‍ പുറത്തിറക്കിയിരുന്നു. ചികിത്സയ്ക്കായി പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കുകയും ചെയ്തു.
മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് ആദര സൂചകമായി സംസ്ഥാന സർക്കാർ ഡിസംബർ 26, 27 തിയ്യതികളിൽ ഔദ്യോഗികമായി ദുഃഖം ആചരിക്കും. 26 നു ചേരാനിരുന്ന മന്ത്രിസഭായോഗം, താലൂക്ക്തല അദാലത്ത് ഉൾപ്പെടെ എല്ലാ സർക്കാർ പരിപാടികളും മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി.