പാണ്ടിമുറ്റത്തെ വയൽ നികത്തൽ; പൂർവ സ്ഥിതിയിലാക്കാൻ പള്ളി കമ്മിറ്റിക്ക് വില്ലേജ് ഓഫീസർ നോട്ടീസ് നൽകി

നന്നമ്പ്ര : പാണ്ടിമുറ്റത്തെ വയൽ നികത്തിയ പ്രവൃത്തി നിർത്തിവെക്കാൻ നടപടി. നന്നമ്പ്ര വില്ലേജ് ഓഫീസറാണ് ഭൂവുടമകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകിയത്.
പനങ്ങാട്ടൂർ ജുമാഅത്ത് പള്ളിയുടെ ഉടമസ്ഥതയിലുള്ള 32.38 ആർസ് കൃഷിഭൂമിയാണ് നികത്തി തെങ്ങിൻതൈ നട്ടിരിക്കുന്നത്.
വയൽ നികത്തലിനെതിരെ കെഎസ്കെടിയു നന്നമ്പ്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം പാണ്ടിമുറ്റത്ത് ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു. തുടർന്നാണ് റവന്യൂ അധികൃതർ നടപടിയുമായി രംഗത്തെത്തിയത്.
2008ലെ കേരള നെൽവയൽ തണ്ണിർത്തട സംരക്ഷണ നിയമത്തിൻ്റെ ലംഘനമായതിനാൽ നോട്ടീസ് കൈപറ്റി 48 മണിക്കൂറിനകം നിലം പൂർവ്വസ്ഥിതിയിലാക്കണമെന്ന് വില്ലേജ് ഓഫീസർ നൽകിയ നോട്ടീസിൽ പറയുന്നു.
അതേസമയം കെഎസ്കെടിയു നടത്തിയ മാർച്ച് മുതലെടുപ്പ് രാഷ്ട്രീയമാണെന്ന വ്യാഖ്യാനത്തോടെ പള്ളിക്കമ്മിറ്റിയിലെ ചിലർ നടത്തിയ വയൽ നികത്തലിനെ ന്യായീകരിച്ച് പത്രക്കുറിപ്പ് ഇറക്കിയിരിക്കുകയാണ് എസ്ഡിപിഐ പ്രവർത്തകർ.
കൃഷി നഷ്ടമായതിനാലാണ് നെൽവയൽ നികത്തിയതെന്ന ന്യായീകരണമാണ് എസ്ഡിപിഐ പറയുന്നത്. വഖഫ് ഭൂമിയിലേക്ക് സിപിഐ എം മാർച്ച് നടത്തിയെന്ന പേരിൽ വർഗീയ പ്രചരണം നടത്താനാണ് എസ്ഡിപിഐ ശ്രമിച്ചിട്ടുള്ളത്.
നിയമലംഘനം നടത്തുന്നതിനെതിരെയാണ് കെഎസ്കെടിയു നേതൃത്വത്തിൽ മാർച്ച് നടത്തിയതെന്നും, മറിച്ചുള്ള പ്രചാരണം തീർത്തും തെറ്റാണെന്നും സിപിഐ എമ്മിനെതിരെയും പാർടി നേതാക്കൾക്കെതിരെയും എസ്ഡിപിഐ നടത്തുന്ന വർഗീയ പ്രചാരണം അവസാനിപ്പിക്കണമെന്നും സിപിഐ എം നന്നമ്പ്ര ലോക്കൽ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

ഫോട്ടോ: നന്നമ്പ്ര പാണ്ടിമുറ്റത്ത് വയൽ നികത്തി തെങ്ങിൻതൈ നട്ടനിലയിൽ

error: Content is protected !!