ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ; കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനം

ദില്ലി : ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ കിരണ്‍ കുമാര്‍ റെഡ്ഡി ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് എത്തിയാണ് റെഡ്ഡി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷിയും ബിജെപി ജനറല്‍ സെക്രട്ടറി അരുണ്‍ സിങും ചേര്‍ന്നാണ് കിരണ്‍ കുമാര്‍ റെഡ്ഡിക്ക് അംഗത്വം നല്‍കിയത്. കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് കിരണ്‍ റെഡ്ഡി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം സംസാരിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് നേതൃത്വം എടുക്കുന്നത് തെറ്റായ തീരുമാനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. പ്രാദേശിക നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ലെന്നും ഏത് നേതാവിന് എന്ത് ചുമതല നല്‍കണം എന്ന് നേതൃത്വത്തിന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2010 മുതല്‍ 2014 വരെ ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്നു കിരണ്‍ കുമാര്‍ റെഡ്ഡി. കോണ്‍ഗ്രസിന്റെ അംഗത്വത്തില്‍ നിന്ന് രാജിവച്ച് മാര്‍ച്ച് 11ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അദ്ദേഹം കത്തുനല്‍കിയിരുന്നു.

അതേസമയം മുന്‍പ് കണ്ടപ്പോള്‍ തന്നെ ബിജെപി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കിരണ്‍ റെഡ്ഡിയോട് നിര്‍ദേശിച്ചിരുന്നുവെന്ന് പ്രള്‍ഹാദ് ജോഷി പറഞ്ഞു. ആന്ധ്രപ്രദേശിലെ ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കിരണ്‍ റെഡ്ഡി കരുത്താകുമെന്നും തെലങ്കാനയിലും ബന്ധങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

error: Content is protected !!