ടോസിൽ ഭാഗ്യം തുണച്ചു; റീ കൗണ്ടിൽ ചേളാരി ഗവ:പോളി യു ഡി എസ് എഫിന്

ചേളാരി : തിരൂരങ്ങാടി ഗവ. അവുക്കാദര്‍ കുട്ടി നഹ സ്മാരക പോളിടെക്‌നിക് കോളജില്‍ ബുധനാഴ്ച നടന്ന റീകൗണ്ടിങ്ങിനെ തുടര്‍ന്ന് യു.ഡി.എസ്.എഫിന് വിജയം. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച എസ്.എഫ്.ഐ – യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍ തുല്യവോട്ടുകള്‍ നേടി. ഇതോടെ ടോസിങ് നടത്തി ചെയര്‍മാന്‍ സ്ഥാനം യു.ഡി.എസ്.എഫിന് ലഭിച്ചു.

ചെയര്‍മാന്‍ പദവി ലഭിച്ചതോടെ പോളി യൂനിയന്‍ ഭരണം യു.ഡി.എസ്.എഫ് നിലനിര്‍ത്തി. എം.പി. റെനിനാണ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടത്. പി. മുഹമ്മദ് ഷഹ്‌സാദ് (വൈസ് ചെയര്‍മാന്‍), എം.വി. ഇര്‍ഫാന ( വൈസ് ചെയര്‍പേഴ്‌സൻ), മുഹമ്മദ് നാഫിഹ് (ജനറല്‍ സെക്രട്ടറി), മുഹമ്മദ് നിയാസ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് യു.ഡി.എസ്.എഫ് സ്ഥാനാർഥികള്‍.

ഡിസംബര്‍ രണ്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ സ്ഥാനാർഥികളായ പി.ടി. യാസീന്‍ അഷ്‌റഫ് ( മാഗസിന്‍ എഡിറ്റര്‍), നിര്‍മ്മല്‍ ആന്റണി (പി.യു.സി) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വോട്ട് രേഖപ്പെടുത്തുമ്പോള്‍ ബാലറ്റ് പേപ്പറില്‍ നിശ്ചിത നിറത്തിലുള്ള മഷിയല്ല ഉപയോഗിച്ചതെന്ന കാരണം ഉന്നയിച്ച് വരണാധികാരി ഏതാനും വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചിരുന്നു.
തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിലോ മറ്റ് രേഖകളിലോ ഈ നിബന്ധന പറയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യു.ഡി.എസ്.എഫ് നേതൃത്വം ഹൈകോടതിയെ സമീപിച്ചു. കോടതി വോട്ടുകള്‍ സാധുവാണെന്ന് വിധിക്കുകയും റീ കൗണ്ടിങ് നടത്തുകയുമായിരുന്നു. 528 വിദ്യാർഥികളാണ് പോളി യൂനിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്.

താനൂര്‍ ഡിവൈ.എസ്.പി വി. ബെന്നിയുടെ നേതൃത്വത്തിലുള്ള കനത്ത പൊലീസ് കാവലിലായിരുന്നു റീ കൗണ്ടിങ്. തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് യു.ഡി.എസ്.എഫ് പ്രവര്‍ത്തകര്‍ ചേളാരിയില്‍ ആഹ്ലാദ പ്രകടനം നടത്തി.

error: Content is protected !!