
കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ ഹർത്താൽ
തിരുവല്ല: തിരുവല്ലയിൽ സിപിഎം നേതാവ് പി.ബി.സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികൾ കസ്റ്റഡിയിൽ. ജിഷ്ണു, നന്ദു, പ്രമോദ് എന്നിവരെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പിടികൂടിയത്. തിരുവല്ല പുളിക്കീഴ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു. കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ല ഏരിയ പരിധിയിൽ സിപിഎം ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി.
കൊല്ലപ്പെട്ട സന്ദീപിന്റെ പ്രദേശവാസി കൂടിയായ കേസിലെ മുഖ്യപ്രതി ഇരുപത്തിമൂന്നുകാരനായ ജിഷ്ണു, സുഹൃത്ത് പ്രമോദ്, നന്ദു എന്നിവരാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. കൊലപാതകം നടന്ന് മണിക്കൂറുകൾക്കകമാണ് അറസ്റ്റ്. പ്രതികളെ പിടികൂടാൻ ഭരണകക്ഷി എന്ന നിലയിൽ കർശന നിർദേശം സിപിഎം പോലീസിന് നൽകിയിരുന്നു. ആഭ്യന്തര വകുപ്പിന്റെയും പ്രത്യേക ശ്രദ്ധ ഈ കേസിലുണ്ടായിരുന്നു.
പ്രതികളെ രക്ഷപെടാൻ സഹായിച്ചതിൽ മറ്റുചിലർ കൂടി അറസ്റ്റിലാകുമെന്ന് സൂചനയുണ്ട്. പ്രധാന പ്രതിയായ ജിഷ്ണുവിന് കൊല്ലപ്പെട്ട സന്ദീപുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ബിവറേജസ് കോർപ്പറേഷന്റെ കീഴിൽ തിരുവല്ല പുളിക്കീഴ് പ്രവർത്തിക്കുന്ന റം ഉത്പാദന കേന്ദ്രമായ ട്രാവൻകൂർ ഷുഗർസ് ആന്റ് കെമിക്കൽസിൽ ജിഷ്ണുവിന്റെ അമ്മയ്ക്ക് താൽകാലിക അടിസ്ഥാനത്തിൽ ജോലിയുണ്ടായിരുന്നു. ഇത് നഷ്ടപ്പെടുത്തുന്നതിനായി സന്ദീപ് കുമാർ ശ്രമിച്ചു എന്ന വിഷയവുമായി ബന്ധപ്പെട്ട് നേരിയ തോതിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നതായാണ് ലഭിക്കുന്ന സൂചനകൾ.
വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കൊലപാതകം. നെടുമ്പ്രം ചാത്തങ്കരിമുക്കിന് അരക്കിലോമീറ്റർ മാറിയുള്ള കലുങ്കിനടുത്താണ് ആക്രമണമുണ്ടായത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സന്ദീപിനെ പിന്നാലെ മൂന്ന് ബൈക്കുകളിലെത്തിയ ആറംഗസംഘം തടഞ്ഞുനിർത്തി