താനൂര്‍ മണ്ഡലത്തില്‍ നാല് സ്‌റ്റേഡിയം കായിക പ്രേമികള്‍ക്കായി തുറന്നു നല്‍കുന്നു ; സംഘാടക സമിതി രൂപീകരിച്ചു

താനൂര്‍ നിയോജക മണ്ഡലത്തില്‍ പണി പൂര്‍ത്തിയായ നാല് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടന പരിപാടികള്‍ വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയിലുള്‍പ്പെടുത്തിയാണ് പദ്ധതികള്‍ പൂര്‍ത്തീകരിച്ചത്. താനൂര്‍ വ്യാപാര ഭവനില്‍ ചേര്‍ന്ന സ്വാഗത സംഘ രൂപീകരണ യോഗം കായിക ന്യൂനപക്ഷ ക്ഷേമ വഖഫ് ഹജ്ജ്, റെയില്‍വേ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

10.2 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കാട്ടിലങ്ങാടി സ്റ്റേഡിയം, ഫിഷറീസ് സ്‌കൂളില്‍ 2.9 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, ഉണ്യാലില്‍ ഫിഷറീസ് വകുപ്പിന്റെ സ്ഥലത്ത് 4.95 കോടി രൂപ ചെലവില്‍ നിര്‍മിച്ച സ്റ്റേഡിയം, താനാളൂരിലെ 80 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ഇ.എം.എസ് സ്റ്റേഡിയം എന്നിവയുടെയും ഫിഷറീസ് സ്‌കൂളില്‍ പുതുതായി നിര്‍മിച്ച ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനങ്ങളാണ് മെയ് 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നത്.

യോഗത്തില്‍ താനൂര്‍ നഗരസഭാ ചെയര്‍മാന്‍ പി.പി. ഷംസുദ്ദീന്‍ അധ്യക്ഷത വഹിച്ചു. നിറമരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഇസ്മായില്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, താനൂര്‍ നഗരസഭാ അംഗങ്ങള്‍, നിറമരുതൂര്‍, താനാളൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബേബി ഷീജ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി. രമേശ് കുമാര്‍ തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.

error: Content is protected !!