വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി ജിഫ്രി തങ്ങൾ; അന്വേഷിക്കുമെന്ന് മന്ത്രി

മലപ്പുറം∙ തനിക്ക് വധഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ദുരൂഹ സാഹചര്യത്തില്‍ മരിച്ച കാസര്‍കോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പലരും വിളിക്കുന്നുണ്ട്. എന്നാല്‍ നിലപാടില്‍ നിന്ന് ഒരനക്കം പോലും പിന്നോട്ട് പോകില്ലെന്നും മലപ്പുറം ആനക്കയത്ത് നടന്ന പരിപാടിയില്‍ സമസ്ത അധ്യക്ഷന്‍ പറഞ്ഞു. 

വെളിപ്പെടുത്തലിന് പിന്നാലെ മന്ത്രി വി.അബ്ദുറഹിമാൻ, ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ച് പിന്തുണ അറിയിച്ചു. സര്‍ക്കാരിന്‍റെ പിന്തുണ ഉണ്ടാകുമെന്ന് മാത്രമല്ല ആവശ്യമെങ്കില്‍ പൊലീസ് സുരക്ഷ ഉള്‍പ്പെടെ നല്‍കുമെന്നും മന്ത്രി അറിയിച്ചു. എന്നല്‍ ഇക്കാര്യത്തില്‍ നേരിട്ട് കൂടിക്കാഴ്ച നടത്തണമെന്ന മന്ത്രിയുടെ ആവശ്യം ജിഫ്രി മുത്തുക്കോയ തങ്ങള്‍ നിരാകരിച്ചു.  

അതേ സമയം ഭീഷണിക്ക് പിന്നിൽ മുസ്ലിം ലീഗാണെന്ന് ഡി വൈ എഫ് ഐ ആരോപിച്ചു. എന്നാൽ നെറ്റ് നമ്പറിൽ നിന്നാണ് ഫോൺ വന്നതെന്നും സംഭവത്തിൽ പരാതി നല്കുന്നില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. ഫോണിൽ വിളിച്ച ആൾ, “സി എം അബ്ദുള്ള മുസ്ലിയാർക്ക് സംഭവിച്ചത് അറിയില്ലേ..” എന്നാണ് ചോദിച്ചത് എന്നു ജിഫ്രി തങ്ങൾ പറഞ്ഞു. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് എതിരെ എഴുതുന്നവർ ആകും പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പരിപാടിയിലെ പ്രസംഗത്തിനിടയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

error: Content is protected !!