കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടി രൂപ വില മതിക്കുന്ന സ്വര്‍ണ മിശ്രിതം പിടികൂടി. ഇന്നലെ രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങളില്‍ ദുബായില്‍ നിന്നും കുവൈറ്റില്‍ നിന്നും എത്തിയ രണ്ടു യാത്രക്കാരില്‍ നിന്നുമായാണ് 2085 ഗ്രാം സ്വര്‍ണമിശ്രിതം കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍നിന്നും എത്തിയ കാസറഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ് പുത്തൂര്‍ ഹംസയില്‍ (41) നിന്നും ഏകദേശം 55 ലക്ഷം രൂപ വില മതിക്കുന്ന 990 ഗ്രാം സ്വര്‍ണമിശ്രിതം അടങ്ങിയ മൂന്നു ക്യാപ്‌സൂലുകളും കുവൈറ്റില്‍നിന്നും എത്തിയ കോഴിക്കോട് നരിക്കുനി സ്വദേശിയായ മണ്ണമ്മല്‍ സുഹൈലില്‍ (32) നിന്നും ഏകദേശം 60 ലക്ഷം രൂപ വിലമതിക്കുന്ന 1095 ഗ്രാം സ്വര്‍ണ്ണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സൂലുകളുമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
പിടികൂടിയ സ്വര്‍ണ്ണമിശ്രിതത്തില്‍നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം കസ്റ്റംസ് ഈ കേസുകളില്‍ യാത്രക്കാരുടെ അറസ്റ്റും മറ്റു തുടര്‍നടപടികളും സ്വീകരിക്കുന്നതാണ്. കള്ളക്കടത്തു സംഘം റിയാസിന് ടിക്കറ്റിനു പുറമേ 40000 രൂപയും സുഹൈലിന് ടിക്കറ്റടക്കം 60000 രൂപയുമാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത്.
ജോയിന്റ് കമ്മിഷണര്‍ ഡോ. എസ്. എസ്. ശ്രീജുവിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ എബ്രാഹം കോശി, ടി.എസ്. ബാലകൃഷ്ണന്‍, അനൂപ് പൊന്നാരി, ടി.എന്‍. വിജയ, ഫിലിപ്പ് ജോസഫ്, വിമല്‍കുമാര്‍ ഇന്‍സ്പെക്ടര്‍മാരായ പോരുഷ് റോയല്‍, ദുഷ്യന്ത് കുമാര്‍, ശിവകുമാര്‍, അക്ഷയ് സിങ്, ഹെഡ് ഹവല്‍ദാര്‍മാരായ എം. കെ.വത്സന്‍, ലില്ലി തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഈ കള്ളക്കടത്ത് പിടികൂടിയത്.