കൊച്ചി: എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷന്‍ കോടതിയുടേതാണ് നടപടി. ഹര്‍ജിയില്‍ കോടതി കൂടുതല്‍ വിശദീകരണം തേടിയില്ല. പ്രസംഗത്തില്‍ ജാമ്യമില്ലാക്കുറ്റം ചുമത്തിയാണ് പിസി ജോര്‍ജ്ജിനെതിരെ കേസെടുത്തിരക്കുന്നത്. സര്‍ക്കാര്‍ നടപടി രാഷ്ടീയ ലക്ഷ്യങ്ങളോടെയാണെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോര്‍ജിന്റെ ആവശ്യം. കേസില്‍ തന്റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോര്‍ജിന്റെ ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. വെണ്ണലയിലെ പരിപാടിയിലേക്ക് പിസി ജോര്‍ജ്ജിനെ വിളിച്ചതിലെ ഗൂഢാലോചന ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ച് വരികയാണ്. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് അറിഞ്ഞിട്ടാണോ സംഘാടകര്‍ ക്ഷണിച്ചതെന്നതിലടക്കം അന്വേഷണം നടത്തുമെന്നായിരുന്നു കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചത്. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ വെണ്ണല മഹാദേവ ക്ഷേത്രത്തില്‍ സപ്താഹ യജ്ഞത്തിന്റെ സമാപനപരിപാടിയില്‍ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പി സി ജോര്‍ജ്ജിനെതിരെ കേസ്. പാലാരിവട്ടം പൊലീസാണ് പി സി ജോര്‍ജ്ജിന് എതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളം വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്.